ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പുടിൻ

ന്തോനേഷ്യയിൽ അടുത്ത ആഴ്ച ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ പങ്കെടുക്കില്ല. ഇന്തോനേഷ്യൻ സർക്കാർ വൃത്തങ്ങളാണ് ഇത് വ്യക്തമാക്കിയത്. യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ളവരുടെ എതിർപ്പ് ഉച്ചകോടിയിൽ ഉയർന്നേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുടിൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കൾ 15,16 തീയതികളിൽ ബാലി ദ്വീപിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന റഷ്യൻ സംഘത്തെ നയിക്കുന്നത് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആയിരിക്കുമെന്ന് റഷ്യ അറിയിച്ചതായി ഇന്തോനേഷ്യൻ സർക്കാർ വ്യക്തമാക്കി.

സമ്മേളനത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദോയെ പുടിൻ ടെലഫോൺ സംഭാഷണത്തിൽ അറിയിച്ചതായും റഷ്യൻ തീരുമാനം മാനിക്കുന്നതായും ഇന്തോനേഷ്യൻ മന്ത്രി ലുഹുട് ബിൻസാർ പന്ത്ജയ്താൻ വ്യക്തമാക്കി. എന്നാൽ പുടിന് പകരം ആരാണ് പങ്കെടുക്കുന്നത് എന്നത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

Top