നമ്പർ വൺ ശത്രു ഇപ്പോൾ സഹായി ! അമേരിക്കയിലും ഹീറോയായി റഷ്യ

വാഷിങ്ടണ്‍: കോവിഡ് 19 ബാധിച്ച് ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും ഇറാനും വെനസ്വേലക്കുമെതിരെ ഉപരോധം പിന്‍വലിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തം ജനതയെ രക്ഷിക്കാന്‍ ശത്രുരാജ്യങ്ങളുടെപോലും കനിവിനായി കാലുപിടിക്കേണ്ട ഗതികേട്.കോവിഡ് ഭീകരതയിലും ഉപരോധം ശക്തമാക്കി ഇറാനെയും വെനസ്വേലയെയും പാഠം പഠിപ്പിക്കാന്‍ മുതിര്‍ന്ന ട്രംപാണിപ്പോള്‍ സഹായത്തിനായി ചൈനയുടെയും റഷ്യയുടെയും വരെ സഹായം തേടിയിരിക്കുന്നത്.

അമേരിക്കന്‍ ഉപരോധം കാരണം മാസ്‌ക്കും മരുന്നുകളും അടിയന്തിര വൈദ്യസഹായവുമൊന്നുമില്ലാതെ നരകിക്കുന്ന ഇറാന്റെയും വെനസ്വേലയുടെയും ദുരിതം പോലും ട്രംപിന്റെ മനസുമാറ്റിയിരുന്നില്ല. ലോകബാങ്കിന്റെയും വിദേശ ബാങ്കുകളുടെയും സഹായവും ഉപരോധം കാരണം ഈ രാജ്യങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

കോവിഡിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉടനടി ആഗോള വെടിനിര്‍ത്തലിന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്സ് ആഹ്വാനം ചെയ്‌തെങ്കിലും അതും മുഖവിലക്കെടുക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. കോവിഡ് ബാധ രൂക്ഷമായ ഇറാനു മേല്‍ കടുത്ത ഉപരോധങ്ങളും നിയന്ത്രങ്ങളുമാണ് അമേരിക്ക ചുമത്തിയിട്ടുള്ളത്. കൂടുതല്‍ ഇറാനി വ്യവസായികളെയും കമ്പനികളെയും കരിമ്പട്ടികയിലും ഉള്‍പ്പെടുത്തി. ഇറാനിനെപ്പോലും കൊറോണ ഭീഷണിയെ തുടര്‍ന്ന് ലോകബാങ്കിന്റെ സഹായം തേടിയ വെനസ്വേലയെ, അമേരിക്ക സമ്മര്‍ദ്ദത്തിലാക്കിയത് പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്‌ക്കെതിരെ മയക്ക് മരുന്ന് കടത്തിന് ക്രിമിനല്‍ കുറ്റം ചുമത്തിയാണ്. മഡുറൊയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 1.5 കോടി ഡോളറാണ് അമേരിക്ക സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇറാനില്‍ 50468 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3160 പേര്‍ മരണത്തിന് കീഴടങ്ങി. വെനസ്വേലയില്‍ 144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരെ മരണം കവര്‍ന്നു. അതേസമയം കോവിഡ് ഇറാനെക്കാളും വെനസ്വേലയേക്കാളും മാരകമായ രീതിയിലാണ് അമേരിക്കയെ ആക്രമിച്ചിരിക്കുന്നത്. 2,37877 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 5715 പേര്‍ മരണപ്പെട്ടു. കാട്ടുതീപോലെയാണ് കോവിഡ് അമേരിക്കയില്‍ മരണം വിതയ്ക്കുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

കോവിഡിനെ മുഖവിലക്കെടുക്കാതെ ലോക്കൗട്ടുണ്ടാകില്ലെന്നും വിപണി അടച്ചിടില്ലെന്നുമെല്ലാം വീമ്പളക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനത ഈയാംപാറ്റകള്‍പോലെ മരിച്ചുവീഴുന്നത് കണ്ട് പ്രതിരോധത്തിലായിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ മുന്നറിയപ്പുകള്‍ മുഖവിലക്കെടുക്കാത്ത ട്രംപ് ഭരണകൂടത്തിന്റെ അഹങ്കാരത്തിന് അമേരിക്കന്‍ ജനതയുടെ ജീവനാണ് വിലകൊടുക്കേണ്ടിവരുന്നത്.

അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേക്കെത്തുമ്പോള്‍ രാജ്യം കടുത്ത ഭീതിയിലാണ്. ഇപ്പോഴത്തെ നിയന്ത്രണ നടപടികള്‍ ഫലപ്രദമായാല്‍പോലും മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിലാകും. പ്രതിരോധ നടപടികള്‍ പാളിയാല്‍ മരണ സംഖ്യ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ഉയര്‍ന്നേക്കുമെന്നാണ് വൈറ്റ് ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ദ ഡോ. ഡെബറ ബേര്‍ക്‌സ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് അമേരിക്കയുടെ മേല്‍ മരണഭീതിയുടെ കരിമ്പടം പുതയ്ക്കുന്നതാണ്.

ഈ ആശങ്കയും ഭീതിയുമാണ് കഠിനകാലത്തിനായി ഒരുങ്ങിയിരിക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് സന്ദേശം നല്‍കാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കിയത്. ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ ആറു ലക്ഷം പേരുടെ ജീവനാണ് മുമ്പ് നഷ്ടമായിരുന്നത്. ഇപ്പോഴത്തെ സംഭവത്തില്‍
മുന്‍കരുതലുകളുണ്ടായിരുന്നില്ലെങ്കില്‍ അതിന്റെ പതിന്‍മടങ്ങ് മരണം ഉണ്ടാകുമായിരുന്നെന്ന ട്രംപിന്റെ വാക്കുകള്‍ പക്ഷേ, അമേരിക്കന്‍ ജനത മുഖവിലക്കെടുക്കുന്നുമില്ല. കോവിഡിനെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പൂര്‍ണപരായജമെന്ന വിലയിരുത്തലാണ് അമേരിക്കയില്‍ നിന്നും ഉയരുന്നത്. ലോക പോലീസും സാമ്രാജ്യത്വ ശക്തിയുമായ അമേരിക്കക്ക് മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കൊലയാളി വൈറസിന് ജനങ്ങളെ എറിഞ്ഞ് കൊടുക്കേണ്ടി വന്നത് ട്രംപിന്റെ പിടിപ്പുകേടാണെന്ന വിലയിരുത്തലുകളാണ് വ്യാപകമായി ഉയരുന്നത്.

ദക്ഷിണ കൊറിയയും സിംഗപ്പൂരും ജപ്പാനുമെല്ലാം കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുമ്പോഴും അത്യാധുനിക ആരോഗ്യസംവിധാനങ്ങളുണ്ടെന്ന് ഊറ്റംകൊള്ളുന്ന അമേരിക്കക്ക് അതിനു കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. കോവിഡില്‍ നിന്നും ചൈനയും അതിവേഗം മുക്തമാകുമ്പോള്‍ ചൈനയുടെ പ്രതിരോധ പാഠവും അമേരിക്ക മുഖവിലക്കെടുത്തില്ല. ഒടുവില്‍ കോവിഡിനെ നേരിടാന്‍ ചൈനയുടെ സഹായം തേടേണ്ട ഗതികേടും ട്രംപിനുണ്ടായി.

ഇപ്പോള്‍ മാസ്‌ക്കിനും കൈയ്യുറകള്‍ക്കുപോലും മറ്റു രാജ്യങ്ങളുടെ കാലുപിടിക്കുകയാണ് ട്രംപ്. നിതാന്ത ശത്രുരാജ്യമായ റഷ്യയാണിപ്പോള്‍ ശത്രുത മറന്ന് അമേരിക്കക്ക് സഹായം നല്‍കിയിരിക്കുന്നത്. ട്രംപിന്റെ അപേക്ഷമാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ മാസ്‌ക്, ഗൗണ്‍ കൈയ്യുറകള്‍ വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് പ്രത്യേക വിമാനത്തില്‍ അമേരിക്കയിലെത്തിച്ചിരിക്കുന്നത്.

അമേരിക്കയുടെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എന്‍. 95 മാസ്‌ക്കുകള്‍, 2.2 കോടി കയ്യുറകള്‍, 7140 വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്തു കഴിഞ്ഞു. റഷ്യ സഹായിച്ചിരുന്നില്ലെങ്കില്‍ കോവിഡ് പ്രതിരോധത്തിന് പോംവഴിയില്ലാതെ ട്രംപ് കൂടുതല്‍ പ്രതിസന്ധിയിലാവുമായിരുന്നു.

ശത്രുത മറന്ന റഷ്യയുടെ ഈ കാരുണ്യമാണ് അമേരിക്കന്‍ ജനതക്ക് ആപത്തില്‍ തുണയായിരിക്കുന്നത്. ഇവിടേയും ഇപ്പോള്‍ ഹീറോ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനാണ്. എക്കാലവും വേട്ടയാടിയ ക്യൂബയുടെ മെഡിക്കല്‍ സംഘത്തിന്റെ സഹായം പോലും വൈറ്റ് ഹൗസിന് നിലവില്‍ തേടേണ്ടി വന്നിട്ടുണ്ട്. ലോകത്തെ ശക്തനായ ഭരണാധികാരിയെന്ന ഗര്‍വില്‍ നിന്നും, സ്വന്തം ജനതയെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന കഴിവുകെട്ട ഭരണാധികാരിയെന്ന നിലയിലേക്കാണിപ്പോള്‍ ട്രംപ് കൂപ്പ് കുത്തിയിരിക്കുന്നത്. കൈവിട്ട് പോയ ഈ ‘കളിയില്‍’ മരണസംഖ്യ എത്രമാത്രം കുറയ്ക്കാന്‍ പറ്റുമെന്നത് മാത്രമാണ് അദ്ദേഹത്തിന്
മുമ്പിലുള്ള ഏക പോംവഴി.


എം.വിനോദ്

Top