‘മരണം വരെ ഇനി പുടിന്‍’, വഴിയൊരുക്കി റഷ്യന്‍ സര്‍ക്കാര്‍; ഭരണഘടന പൊളിച്ചെഴുതും!

Russia-PUTIN

രണം വരെ റഷ്യയെ അടക്കിഭരിക്കാന്‍ ഒരുങ്ങി പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. ഈ നടപടിക്രമങ്ങളിലേക്ക് വഴിയൊരുക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി രാജിവെച്ചു. ഭരണഘടന പൊളിച്ചെഴുതുന്ന തരത്തിലുള്ള പുനരുദ്ധാരണ നടപടികളാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് ഭരണത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് അധികാരങ്ങള്‍ കൈമാറുകയാണെന്നാണ് മുന്‍ കെജിബി ഏജന്റ് കൂടിയായ വ്‌ളാദിമര്‍ പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കിയത്.

പുടിന്റെ തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കാനാണ് രാജിവെയ്ക്കുന്നതെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ് പറഞ്ഞു. ഇദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് എന്ന പദവിയിലാണ് ഇപ്പോള്‍ അവരോധിച്ചിരിക്കുന്നത്. പ്രസിഡന്റ് പദവിയുടെ അധികാരം കുറച്ച ശേഷം സ്വയം ശക്തിയാര്‍ജ്ജിച്ച പ്രധാനമന്ത്രിയാകാനാണ് പുടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെന്നാണ് കരുതുന്നത്.

ആജീവനാന്ത നേതാവായി മാറാനുള്ള തട്ടിപ്പാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് അലെക്‌സി നവാലിനി ചൂണ്ടിക്കാണിച്ചു. ആഗോള തലത്തില്‍ ജനകീയ വിപ്ലവങ്ങള്‍ കൊണ്ടുപിടിക്കുകയും, സ്വന്തം ജനങ്ങളില്‍ നിന്ന് പോലും എതിര്‍പ്പ് നേരിടുകയും ചെയ്യുന്ന ഘട്ടത്തിലാണ് പുടിന്‍ അധികാരം കൈപ്പിടിയിലൊതുക്കാന്‍ ഈ സാഹസത്തിന് മുതിരുന്നത്. യുഎസ്, യൂറോപ്യന്‍ ഉപരോധങ്ങള്‍ റഷ്യന്‍ സാമ്പത്തിക സ്ഥിതിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടത്തില്‍ തന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച് പ്രതിരോധിക്കാനാണ് പ്രസിഡന്റിന്റെ നീക്കം.

ഭരണഘടനാപരമായ മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുമെന്ന് പുടിന്‍ പറഞ്ഞു. 2008 മുതല്‍ 2012 വരെ പ്രസിഡന്റായി ഭരിച്ച മെദ്‌വെദെവിനെ പ്രധാനമന്ത്രിയാക്കിയാണ് പുടിന്‍ ആ പദവിയില്‍ തിരിച്ചെത്തിയത്. പിന്നീട് ഇന്നോളം പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന പുടിന്‍ ആജീവനാന്തം ആ സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ചൈനയിലും സമാനമായ നീക്കം നടക്കുമ്പോഴാണ് റഷ്യയും ആ വഴിക്ക് നീങ്ങുന്നത്.

Top