പ്രസിഡന്റ് തിരഞ്ഞെടുപ്പ് :ഒരുക്കങ്ങളാരംഭിച്ച് റഷ്യ, കടുത്ത എതിരാളികളില്ലാതെ പുടിന്‍

മാസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം തിങ്കളാഴ്ച തുടങ്ങി.മാര്‍ച്ച് 18-നാണ് തിരഞ്ഞൈടുപ്പ്.യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ പിന്തുണയോടെ അധികാരത്തിലേറിയ പ്രസിഡന്റ് പുടിന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കടുത്ത എതിരാളികളില്ലാത്തത്തതിനാല്‍ വിജയം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.

23 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായേക്കുമെന്നാണ് സൂചന.കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് പുടിന്റെ പ്രധാന വിമര്‍ശകനായ അലക്‌സി നവല്‍നിയ്ക്ക് മത്സരിക്കാനാവില്ല. മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്താന്‍ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് അലക്‌സിയുടെ ആരോപണം.

ടി.വി. അവതാരകയും നടിയുമായ കെസീനിയ സൊവ്ചകാവും പുടന്റെ പ്രധാന എതിരാളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ ഗെന്നദി സ്യുഗനോവും തീവ്ര യാഥാസ്ഥിതിക കക്ഷിയായ എല്‍.ഡി.പി.ആറിന്റെ നേതാവ് വ്‌ളാഡിമിര്‍ സിര്‍നോവ്‌സ്‌കിയും സ്ഥാനാര്‍ഥികളായേക്കും. ഇരുപാര്‍ട്ടികള്‍ക്കും 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുലഭിച്ചേക്കില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

നാലാംതവണയും മത്സരത്തിനൊരുങ്ങുന്ന പുതിന്‍ വിജയിക്കുകയാണെങ്കില്‍ ജോസഫ് സ്റ്റാലിനുശേഷം റഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റാവുന്ന വ്യക്തിയാവും. പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമായി നിയമഭേദഗതി വരുത്തിയ സാഹചര്യത്തില്‍ 2024 വരെ പുതിന്‍ അധികാരത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top