പക്ഷിക്കൂട്ടത്തിലിടിച്ചു; വിമാനം കൃഷിത്തോട്ടത്തില്‍ ഇറക്കി യാത്രക്കാരെ രക്ഷിച്ച പൈലറ്റിനെ വാഴ്ത്തി റഷ്യക്കാര്‍

മോസ്‌കോ: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പക്ഷിക്കൂട്ടത്തിലിടിച്ച വിമാനം കൃഷിത്തോട്ടത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. റഷ്യയിലെ മോസ്‌കോയിലാണ് ഈ അത്ഭുത സംഭവം അരങ്ങേറിയത്.

മോസ്‌കോയ്ക്ക് സമീപത്തെ കോണ്‍ കൃഷി ചെയ്യുന്ന പാടത്താണ് സംഭവം നടന്നത്. ഉറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 ല്‍ പറന്നുയര്‍ന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

സംഭവത്തില്‍ ആളപായമില്ല, എന്നാല്‍ സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. മോസ്‌കോയ്ക്ക് സമീപം സുക്കോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് വിമാനം ഇറക്കിയ കൃഷിസ്ഥലം. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തെക്കുറിച്ച് യാത്രക്കാരില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെയാണ് ”പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ഇളകി. വലതുസൈഡില്‍ വെളിച്ചം വന്നു. കരിയുന്ന ഗന്ധവുമുണ്ടായി. ഉടന്‍ വിമാനം പറന്നിറങ്ങി. ഞങ്ങള്‍ ഇറങ്ങിയോടി”

അതേസമയം വിമാനത്തിന്റെ അത്ഭുത രക്ഷപ്പെടലില്‍ പൈലറ്റിനെ വാഴ്ത്തുകയാണ് റഷ്യക്കാര്‍. പൈലറ്റ് ദാമിര്‍ യുസുപോവിനെ ‘ഹീറോ’ എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Top