യുഎസിന്റെ മുന്നറിയിപ്പിന് പുല്ലുവില; റഷ്യന്‍ മിസൈലുകള്‍ വാങ്ങി തുര്‍ക്കി

അങ്കാറ: റഷ്യയില്‍നിന്ന് മിസൈലുകള്‍ വാങ്ങി തുര്‍ക്കി. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ മറികടന്നാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയത്. മിസൈല്‍ ഘടകങ്ങളുടെ ആദ്യബാച്ച് വ്യോമമാര്‍ഗം അങ്കാറയ്ക്കു സമീപമുള്ള സൈനിക താവളത്തില്‍ എത്തിച്ചു. വ്യോമമാര്‍ഗമുള്ള മിസൈല്‍ കടത്ത് തുടരുമെന്ന് തുര്‍ക്കി പ്രതിരോധമന്ത്രാലയം അറിയിച്ചു. 250 കോടിയാണ് ഈ ഇടപാടിന്റെ മൊത്തം ചെലവ്.

എന്നാല്‍ തുര്‍ക്കി റഷ്യയില്‍നിന്ന് ആയുധം വാങ്ങിയാല്‍ ഉപരോധം അടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. റഷ്യയുമായുള്ള ഇടപാട് അവസാനിപ്പിക്കാന്‍ യുഎസ് തുര്‍ക്കിക്ക് നല്‍കിയ സമയം ജൂലൈ 31 വരെയാണ്. എന്നാല്‍ ഇതവഗണിച്ച് മിസൈല്‍ വാങ്ങിയതോടെ ഇവര്‍ തമ്മിലുള്ള ബന്ധവും വഷളായി. യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയാണ് തുര്‍ക്കി.

അമേരിക്കയുടെ അത്യാധുനിക എഫ്-35ന്റെ സവിശേഷതകള്‍ ചോര്‍ത്താന്‍ റഷ്യക്ക് അവസരം നല്‍കുന്നതാണ് തുര്‍ക്കിയുടെ നടപടിയെന്ന് യുഎസ് ആരോപിച്ചു. എഫ്-35 വിമാനങ്ങളില്‍ പരിശീലനം നേടുന്ന തുര്‍ക്കി പൈലറ്റുമാരെ പുറത്താക്കുമെന്നും എഫ്-35 വിമാനങ്ങള്‍ തുര്‍ക്കിക്കു നല്‍കില്ലെന്നും യുഎസ് പറഞ്ഞു. അതേസമയം അമേരിക്കയുടെ ഉപരോധം നേരിടേണ്ടിവരില്ലെന്നതില്‍ തനിക്കുറപ്പുണ്ടെന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറയുന്നത്.

Top