അമേരിക്കയെ വിറപ്പിച്ച റഷ്യൻ നീക്കം, ബൈഡനു ‘മൂക്കിനു താഴെ’ മിസൈൽ !

പോളണ്ടില്‍ നേരിട്ടെത്തി യുക്രെയിന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുള്ള മുന്നറിയിപ്പാണോ ലിവിവിനെ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണം ?

അമേരിക്കന്‍ ഭരണകൂടത്തെ മാത്രമല്ല, ലോക രാഷ്ട്രങ്ങളെ ആകെ തന്നെ അമ്പരിപ്പിച്ച പ്രഹരമാണ്, അമേരിക്കന്‍ പ്രസിഡന്റിന്റെ മൂക്കിനു താഴെ റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ലിവിവില്‍ നിന്നും വെറും 400 കിലോമീറ്റര്‍ മാത്രം അകലെയുള്ള പോളണ്ടിലെ വാര്‍സോയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തമ്പടിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന സമയത്ത് ഇത്തരമൊരു ആക്രമണം പോളണ്ടിന്റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 400 കിലോമീറ്റര്‍ ദൂരപരിധി എന്നത് മിസൈലുകളെ സംബന്ധിച്ച് ചെറിയ ദൂരപരിധിയാണ്.

തുടരെ തുടരെ മൂന്ന് സ്ഫോടന പരമ്പരകളാണ് ശനിയാഴ്ച ഉച്ചയോടെ പടിഞ്ഞാറന്‍ യുക്രെയിന്‍ നഗരമായ ലിവിവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.യുക്രെയിന് പണവും ആയുധങ്ങളും നല്‍കിയും, റഷ്യയെ ഉപരോധിച്ചും അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നീക്കം ഇനിയും തുടര്‍ന്നാല്‍, യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുമെന്ന സന്ദേശമാണ് റഷ്യ ഇതുവഴി നല്‍കാന്‍ ശ്രമിച്ചതെന്നാണ് നയതന്ത്ര വിദഗ്ദര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്.ലിവിവില്‍ റഷ്യന്‍ ആക്രമണം വിവരം അറിഞ്ഞ ബൈഡനും അമ്പരന്നു പോയതായാണ് റിപ്പോര്‍ട്ട്.

പോളണ്ട് സന്ദര്‍ശനത്തിനിടെ, രൂക്ഷമായാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് എതിരെ അമേരിക്കന്‍ പ്രസിഡന്റ് ആഞ്ഞടിച്ചിരുന്നത്.പുടിന് അധികാരത്തില്‍ തുടരാനാവില്ല” എന്നായിരുന്നു പ്രതികരണം. ‘ദൈവത്തിനു വേണ്ടി, ഈ മനുഷ്യന് ഇനി അധികാരത്തില്‍ തുടരാന്‍ കഴിയില്ല,’ വാര്‍സോയില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി. എന്നാല്‍, ഈ പരാമര്‍ശത്തിനു തൊട്ടുപിന്നാലെ, ഇതൊരു ഭരണമാറ്റത്തിനുള്ള ആഹ്വാനമല്ലെന്ന് വൈറ്റ് ഹൗസ് പിന്നീട് തിരുത്തുകയുണ്ടായി. ഇത് പുടിനെ കൂടുതല്‍ പ്രകോപിതനാക്കാതിരിക്കാനാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൈഡന്‍ തുടര്‍ച്ചയായി പുടിനും റഷ്യക്കും എതിരായി നടത്തുന്ന പരാമര്‍ശങ്ങളിലും റഷ്യക്ക് ശക്തമായ പ്രതിഷേധമാണുള്ളത്. അത് ഏത് രൂപത്തില്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതാണ് നിലവിലെ സ്ഥിതി. പോളണ്ടിലെ ബൈഡന്റെ പ്രതികരണത്തിനെതിരെ രൂക്ഷമായാണ് റഷ്യയും ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

‘ഇക്കാര്യം തീരുമാനിക്കേണ്ടത് മിസ്റ്റര്‍ ബൈഡന്‍ അല്ലന്നും, റഷ്യന്‍ ഫെഡറേഷനും ജനങ്ങളുമാണെന്നുമാണ് ക്രെംലിന്‍ വക്താവ് തുറന്നടിച്ചിരിക്കുന്നത്.

”തന്റെ അയല്‍ക്കാരുടെയോ പ്രദേശത്തിന്റെയോ മേല്‍ അധികാരം പ്രയോഗിക്കാന്‍ പുടിനെ അനുവദിക്കാനാവില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഉദ്ദേശിച്ചതെന്നും, റഷ്യയിലെ പുടിന്റെ അധികാരത്തെക്കുറിച്ചോ ഭരണമാറ്റത്തെക്കുറിച്ചോ അദ്ദേഹം ചര്‍ച്ച ചെയ്തിട്ടില്ലന്നുമാണ് ,” വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നത്.പുടിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കാനും ബൈഡന്റെ വക്താവ് തയ്യാറായിട്ടുണ്ട്.

അതേസമയം പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ലിവിവ് നഗരത്തിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.ഇന്ധന സംഭരണ കേന്ദ്രത്തിലും ഫാക്ടറിയിലും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുടെ കേന്ദ്രം കൂടിയാണ്, പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള ഈ പ്രദേശം.

പുതിയ സാഹചര്യത്തില്‍, യുക്രെയിനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായെന്നും കിഴക്കന്‍ ഡോണ്‍ബാസ് വിമോചിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ച, റഷ്യയുടെ അടുത്ത നീക്കമാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രെയിനിന്റെ കിഴക്കന്‍ ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഏറ്റവും ഒടുവിലായി യുക്രെയിനിന്റെ 6 കമാന്‍ഡ് പോസ്റ്റുകളും 3 വിമാനങ്ങളും ഉള്‍പ്പെടെ 117 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.


പരമാവധി ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നത്. അമേരിക്ക ഇറാഖ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ചെയ്ത ബോംബുകളുടെ പെരുമഴയൊന്നും യുക്രെയിനില്‍ റഷ്യ വര്‍ഷിച്ചിട്ടില്ല. അത്തരമൊരു ആരോപണം റഷ്യ വിരുദ്ധരായ പാശ്ചാത്യ മാധ്യമങ്ങള്‍ക്കു പോലും ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യത്തിനു നേരെ ആക്രമണം ഉണ്ടാകുന്നത് പതിവായതോടെയാണ് അത്തരം ചില മേഖലകള്‍ കൂടി തിരിച്ചും ആക്രമിക്കപ്പെട്ടത് എന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കുന്നത്. ഇതുവരെ 1, 500-ല്‍ താഴെ സൈനികരെയാണ് റഷ്യക്ക് നഷ്ടപ്പെട്ടതെങ്കില്‍, 15,000-ത്തോളം യുക്രെയിന്‍ സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 17000 യുക്രെയിന്‍ സൈനികര്‍ക്ക് പരിക്കേറ്റപ്പോള്‍ റഷ്യന്‍ ഭാഗത്തെ പരിക്ക് 3,900മാണ്.നിലവില്‍ യുക്രെയിന്‍ വ്യോമസേനയും വ്യോമ പ്രതിരോധവും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നാവിക സേനയും തവിടുപൊടിയായി കഴിഞ്ഞു. പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തയിലൂടെ നല്‍കുന്നതില്‍ മാത്രമായി യുക്രെയിന്റെ ‘ചെറുത്ത് നില്‍പ്പ്’ ഒതുങ്ങിയിരിക്കുകയാണ്.

 

EXPRESS KERALA VIEW

Top