ക്രൈമിയയിലുൾപ്പെടെ മിസൈലുകൾ വീഴ്ത്തി റഷ്യൻ സൈന്യം; നാറ്റോ ഉച്ചകോടി നാളെ

മോസ്കോ : ക്രൈമിയയിലുൾപ്പെടെ മിസൈലുകൾ വീഴ്ത്തിയെന്ന് റഷ്യൻ സൈന്യം. 9 വർഷം മുൻപ് റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയിലും റഷ്യയിലെ റോസ്തോവ്, ബ്രയാൻസ്ക് മേഖലകളിലുമായി 4 മിസൈലുകളാണു വീഴ്ത്തിയത്.

റഷ്യയ്ക്കെതിരെ യുക്രെയ്നു ക്ലസ്റ്റർ ബോംബ് നൽകാനുള്ള യുഎസ് തീരുമാനത്തിൽ റഷ്യ പ്രതിഷേധിച്ചു. നിരോധിത ക്ലസ്റ്റർ ബോംബ് യുക്രെയ്നു നൽകില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. ക്ലസ്റ്റർ ബോംബ് നൽകാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം സഖ്യരാജ്യങ്ങളെ അസ്വസ്ഥപ്പെടുത്തിയെന്നാണു സൂചന.

ലിത്വാനിയൻ തലസ്ഥാനമായ വിൽന്യൂസിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ച ബൈഡൻ‍ ഇന്നു ബ്രിട്ടനിലെത്തി പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും. നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകുന്നതു സംബന്ധിച്ച അന്തിമചർച്ചകൾ ഉച്ചകോടിയിലുണ്ടാകും.

ഇതിനിടെ, യുദ്ധത്തടവുകാരായിരുന്ന 5 യുക്രെയ്ൻ സൈനികർ തുർക്കിയിൽനിന്നു നാട്ടിലേക്കു മടങ്ങിയതു ധാരണ ലംഘിച്ചാണെന്നു റഷ്യ കുറ്റപ്പെടുത്തി. തുർക്കി സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണു സൈനികരെ തിരിച്ചെത്തിച്ചത്. യുദ്ധത്തടവുകാരായിരുന്ന ഇവരെ റഷ്യ മോചിപ്പിച്ചത് യുദ്ധം കഴിയും വരെ യുക്രെയ്നിലേക്ക് മടങ്ങരുതെന്ന വ്യവസ്ഥയോടെയായിരുന്നു.

ഇതേസമയം, ദക്ഷിണാഫ്രിക്കയിൽ അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എത്തുമോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

അധിനിവേശ മേഖലകളിലെ യുക്രെയ്ൻ കുട്ടികളെ റഷ്യയിലേക്കു കടത്തിയെന്ന കുറ്റത്തിനു രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ള പുട്ടിൻ എത്തിയാൽ ദക്ഷിണാഫ്രിക്കൻ അധികൃതർ അറസ്റ്റ് ചെയ്യണമെന്നാണു ചട്ടം.

Top