പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ പ്രതികരണവുമായി റഷ്യന്‍ സര്‍ക്കാര്‍

യുക്രെയ്ന്‍ അധിനിവേശ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ പ്രതികരണവുമായി റഷ്യന്‍ സര്‍ക്കാര്‍. ഉപരോധങ്ങളെ റഷ്യ പ്രതിരോധിക്കുമെന്നും അതിന് റഷ്യന്‍ സേനയ്ക്ക് കെല്‍പ്പുണ്ടെന്നും റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി ദിമിത്രി പെസ്‌കോവ് പറഞ്ഞു.

‘റഷ്യക്ക് മേലുള്ള പാശ്ചാത്യ ഉപരോധം കടുത്തതാണ്. പക്ഷെ അതിന്റെ നാശനഷ്ടം മറികടക്കാനുള്ള ശേഷി ഞങ്ങളുടെ രാജ്യത്തിനുണ്ട്,’ പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ സാമ്പത്തിക ഉപരോധം സംബന്ധിച്ച് ധനമന്ത്രിയും, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുമായും ചര്‍ച്ച നടത്തുമെന്നും പെസ്‌കോവ് പറഞ്ഞു.

റഷ്യക്കെതിരെ യുഎസ്, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും നിരവധി സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് റഷ്യയുടെ പ്രതികരണം. റഷ്യന്‍ സാമ്പത്തിക മന്ത്രാലയം, മന്ത്രിമാര്‍, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ ഫണ്ടുകള്‍, സെന്‍ട്രല്‍ ബാങ്കുകള്‍ എന്നിവയ്ക്ക് മേലാണ് പാശ്ചാത്യ ഉപരോധം.

Top