റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു

മോസ്‌കോ: റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

ലോകകപ്പില്‍ റഷ്യയെ ക്വാര്‍ട്ടറിലെത്തിച്ചതില്‍ നായകനായ അകിന്‍ഫീവിന്റെ പങ്ക് ഏറെ വലുതായിരുന്നു. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനിനെ മറികടന്ന് റഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ നിര്‍ണായകമായത് ഷൂട്ടൗട്ടില്‍ അകിന്‍ഫീവിന്റെ സേവുകളായിരുന്നു.

രാജ്യത്തിനായി 111 മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് അവരുടെ ഇതിഹാസ ഗോള്‍കീപ്പര്‍ വിടപറയുന്നത്. തിങ്കളാഴ്ചയാണ് അകിന്‍ഫീവ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാന്‍ എടുക്കുന്ന കാലതാമസവുമാണ് അകിന്‍ഫീവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

32കാരനായ അകിന്‍ഫീവ് 2004ലാണ് റഷ്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം പോലെ തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഒരു അവസാനവും ഉണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയത്ത് അകിന്‍ഫീവ് പറഞ്ഞു.

ദേശീയ ടീമുമായുള്ള തന്റെ കഥ ഇവിടെ അവസാനിക്കുകയാണെന്നും, ലോകകപ്പില്‍ റഷ്യയെ നയിക്കാന്‍ സാധിച്ചത് മഹത്തായ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. താനൊരിക്കലും ഇത്തരമൊരു കാര്യം യാഥാര്‍ഥ്യമാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും അകിന്‍ഫീവ് പ്രതികരിച്ചു.

Top