‘ലോകമഹായുദ്ധം’ അടുത്തു: മുന്നറിയിപ്പുമായി റഷ്യന്‍ മുന്‍ ജനറല്‍

മോസ്കോ : ലോകമഹായുദ്ധത്തിന്റെ മുന്നറിയിപ്പുമായി റഷ്യയുടെ മുന്‍ ലഫ്റ്റനന്റ് ജനറല്‍ രംഗത്ത്. ബ്രിട്ടന്റെ ഡബിള്‍ ഏജന്റിനെ വിഷപ്രയോഗത്തിലൂടെ കൊല്ലപ്പെടുത്താന്‍ റഷ്യ ശ്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ശീതയുദ്ധം പോലെയല്ല, യഥാര്‍ഥ യുദ്ധമാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് എവ്‌ഗെനി ബുഷിന്‍സ്‌കി പറയുന്നു. ഒരുപക്ഷേ മനുഷ്യരാശിയുടെ ചരിത്രത്തിലെ അവസാനത്തെ യുദ്ധമാകാം വരാനിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മാര്‍ച്ച് ആദ്യമാണ് ഇംഗ്ലണ്ടിലെ സോള്‍സ്ബ്രിയില്‍ മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലിനെയും മകള്‍ യുലിയയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിരോധിത രാസായുധപ്രയോഗം ഉപയോഗിച്ച് ഇവരെ ആരോ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് റഷ്യ വ്യക്തമാക്കി. എന്നാല്‍ റഷ്യയെ തള്ളി യുകെ രംഗത്തെത്തിയിരുന്നു. ഒപ്പം റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാനും യുകെ നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ യുകെയുടെ നയതന്ത്രപ്രതിനിധികളെ റഷ്യയും പുറത്താക്കിയത്. തുടര്‍ന്ന് റഷ്യക്ക് നേരെ രാജ്യാന്തര തലത്തില്‍ സംഘടിത നീക്കമുണ്ടായി.

സംഭവത്തിന് പിന്നില്‍ റഷ്യയാകാമെന്ന് 14 യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗവും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസും റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കി. സിയാലിറ്റിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ശീതയുദ്ധകാലത്തിന് ശേഷം റഷ്യക്കെതിരെ യുഎസ് നടത്തിയ ഏറ്റവും വലിയ നീക്കമായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

ഈ പശ്ചാത്തലത്തിലാണ് മുന്‍ റഷ്യന്‍ ജനറലിന്റെ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം. സ്‌ക്രീപലിന് നേരെ വിഷപ്രയോഗം നടത്തിയതിന്റെ പേരിലായിരിക്കില്ല യുദ്ധം. മറിച്ച് രാജ്യാന്തരതലത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമായിരിക്കും യുദ്ധത്തിലേക്ക് നയിക്കുകയെന്നും അദ്ദേഹം പറയുന്നു. റഷ്യക്കാരെ നിങ്ങള്‍ക്ക് അറിയില്ല. റഷ്യയെ ഒറ്റപ്പെടുത്തുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം റഷ്യയുടെ പ്രകോപനപരമായ നീക്കങ്ങളെ ആനുപാതികമായി നേരിടുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.

Top