മത്സരങ്ങളില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയ ഫിഫയുടെ നടപടിയില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോടതിയിലേക്ക്

ലോകകപ്പുള്‍പ്പെടെയുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും റഷ്യയെ ഒഴിവാക്കിയ ഫിഫയുടെ നടപടിയില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോടതിയിലേക്ക്.

കോര്‍ട്ട് ഓഫ് അര്‍ബ്രിട്ടറേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്‌സിലാണ് റഷ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ പരാതി നല്‍കാനൊരുങ്ങുന്നത്. യുക്രൈനില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഫിഫ റഷ്യയെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്നുള്‍പ്പെടെ എല്ലാ മത്സരങ്ങളില്‍ നിന്നും പുറത്താക്കിയത്.

ഈ മാസം 24നായിരുന്നു ഖത്തര്‍ ലോകകപ്പിനായുള്ള പോളണ്ടിനെതിരെയുള്ള റഷ്യയുടെ യോഗ്യതാ മത്സരം. പക്ഷേ ഫെബ്രുവരി 28ന് റഷ്യയെ എല്ലാ മത്സരങ്ങളില്‍ നിന്നും ഫിഫയും യുവേഫയും പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോടതിയെ സമീപിക്കുന്നതെന്നും എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ടീമിനെ കളിപ്പിക്കാനുള്ള നടപടിക്കായി ശ്രമിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ടീമിനെ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് ഒഴിവാക്കിയാലുണ്ടാവുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഫിഫയില്‍ നിന്നും യുവേഫയില്‍ നിന്നും നഷ്ടപരിഹാരം തേടാനും ഫെഡറേഷന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യക്കെതിരെയുള്ള യോഗ്യതാ മത്സരത്തില്‍ കളിക്കില്ലെന്ന് പോളണ്ട് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. യോഗ്യതയില്ലെങ്കിലും കുഴപ്പമില്ല റഷ്യക്കെതിരെ കളിക്കില്ലെന്നായിരുന്നു പോളണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ലെവന്‍ഡോസ്‌കി പറഞ്ഞത്. പോളണ്ടിന് പുറമെ സ്വീഡനും ചെക്ക് റിപ്പബ്ലിക്കും റഷ്യക്കെതിരെ കളിക്കില്ലെന്ന് ഫിഫയെ അറിയിച്ചിരുന്നു.

Top