റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണു; 13 മരണം

മോസ്‌കോ: ജനവാസ മേഖലയില്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് 13 പേര്‍ കൊല്ലപ്പെട്ടു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അസോവ് കടലിലെ യെസ്‌ക് തുറമുഖത്തെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് സൈന്യം അറിയിച്ചു. ടേക്ക് ഓഫിനിടെ എഞ്ചിനുകളില്‍ ഒന്നിന് തീ പിടിച്ചതിനെ തുടര്‍ന്ന് എസ്.യു-34 ബോംബറാണ് തകര്‍ന്നത്. പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായി. തീപിടിത്തത്തില്‍ ഒമ്പതു നിലകളുള്ള കെട്ടിടത്തിന്റെ നിരവധി നിലകളില്‍ തീ പടര്‍ന്നതായും 17 അപ്പാര്‍ട്ട്‌മെന്റുകളെ ബാധിച്ചതായും പ്രാദേശിക അധികാരികള്‍ അറിയിച്ചു.

വിമാനത്തില്‍ നിന്നും തെറിച്ചുവീണെങ്കിലും രണ്ടു പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 68 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും എത്തിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശിച്ചു. റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അപകട സ്ഥലത്തു നിന്നും 360 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

 

 

Top