കൈയില്‍ വാസലിന്‍ കുത്തിവെച്ച് വ്യാജമസില്‍; ബോഡിബില്‍ഡര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

സിലുകള്‍ വേണമെന്ന് മോഹിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം നിരവധിയാണ്. ഇതിനായി ജിമ്മില്‍ പോയി വ്യായാമം ചെയ്യുകയാണ് പലരുടെയും രീതി. എന്നാല്‍ എളുപ്പവഴി തേടുന്ന മറ്റ് ചിലരുമുണ്ട്. കൈയില്‍ പെട്രോളിയം ജെല്ലി കുത്തിവെച്ച് മസില്‍ വലുപ്പം 24 ഇഞ്ച് വളര്‍ത്തിയാണ് റഷ്യക്കാരനായ ഈ ബോഡിബില്‍ഡര്‍ ഓണ്‍ലൈന്‍ ലോകത്ത് പ്രശസ്തനായത്. എന്നാല്‍ ഈ പണി കൊണ്ട് 23കാരനായ കിറില്‍ തെരെഷിനിന് ഒരു ഓഫര്‍ ലഭിച്ചു, ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ കൈമുറിച്ച് നീക്കുക.

കൈയില്‍ ഉണ്ടാക്കിയെടുത്ത വ്യാജ മസിലുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഇത് മാത്രമാണ് മുന്നിലുള്ള പോംവഴിയെന്ന് ഡോക്ടര്‍മാര്‍ കിറിലിനെ അറിയിച്ചു. മൂന്ന് ലിറ്ററോളം വാസെലിന്‍ ജെല്ലിയാണ് യുവാവ് കൈകളില്‍ കുത്തിവെച്ചതെന്ന് സര്‍ജന്‍ പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി പ്രശ്‌നങ്ങള്‍ നേരിടുന്ന ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യാംപെയിനര്‍ അലാനയാണ് ബോഡി ബില്‍ഡറെ കൊണ്ട് സര്‍ജറിക്കായി സമ്മതിപ്പിച്ചത്.

മെലിഞ്ഞ ശരീരവും വലിയ കൈകളുമുള്ള കിറിലിന്റെ അവസ്ഥ കണ്ട ഇവര്‍ സര്‍ജറിക്കായി പണം സ്വരൂപിച്ചു. ആദ്യ സര്‍ജറിയില്‍ ഒരു കൈയില്‍ നിന്നുള്ള കേടായ കോശങ്ങളാണ് നീക്കം ചെയ്തത്. പെട്രോളിയം ജെല്ലി മസിലുകളെ കുതിര്‍ത്ത അവസ്ഥയിലാണ്. ഇവ നീക്കം ചെയ്യുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

പുറത്ത് പുരട്ടേണ്ട ക്രീം കൈകളില്‍ കുത്തിവെച്ചാല്‍ മസിലുകളില്‍ കടന്നുകൂടി രക്തമൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് കിറിലിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നില്ലെന്നതും കിറിലിന് ആശ്വാസമായി.

Top