മോദി സർക്കാരിന്റെ കാലത്ത് റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതി മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. 2009 മുതല്‍ 2013 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് റഷ്യന്‍ ആയുധങ്ങളുടെ ഇറക്കുമതി 76 ശതമാനമായിരുന്നു എന്നാല്‍ 2014 മുതല്‍ 2018 വരെയുള്ള നരേന്ദ്രമോദിയുടെ ഭരണകാലത്ത് അത് 58 ശതമാനമായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) എന്ന സ്ഥാപനം തയ്യാറാക്കിയ 2018 ലെ ആയുധ കൈമാറ്റങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്.

ഇറക്കുമതികള്‍ക്ക് പകരം ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള മോദിയുടെ നയപ്രകാരം വിദേശത്തുനിന്ന് ആയുധ ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുമുണ്ടെന്നും റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 42 ശതമാനമാണ് ഇടിവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇറക്കുമതിയില്‍ കുറവുവരുത്തിയിട്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോഴും ഇന്ത്യ. റഷ്യയ്ക്ക് ഇന്ത്യന്‍ ആയുധവിപണിയിലുള്ള വിഹിതം കുറഞ്ഞപ്പോള്‍ ഇസ്രായേല്‍, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു.

ലോകത്തിലേറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ യുഎസ്, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നിവയാണ്. സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്ട്രേലിയ, അല്‍ജീരിയ എന്നീരാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. ഇന്ത്യയ്ക്കു പുറമെ പാക്കിസ്ഥാന്റെയും ആയുധ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടുണ്ട്. 39 ശതമാനമാണ് പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയില്‍ കുറവുവന്നത്. ഇതിന് പ്രധാന കാരണം അമേരിക്കന്‍ സഹായം പാക്കിസ്ഥാന് ലഭിക്കാതെ വന്നതാണെന്നാണ് കരുതുന്നത്.

Top