ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് റഷ്യ; തീക്കളിയെന്ന് അമേരിക്ക

വാഷിങ്ടൺ ഡി.സി: ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് റഷ്യ ബഹിരാകാശത്തെ സ്വന്തം ഉപഗ്രഹം തകർത്ത് പരീക്ഷണം നടത്തി. തിങ്കളാഴ്ച നടന്ന പരീക്ഷണത്തെ ശക്തമായി വിമർശിച്ച് യു.എസ് രംഗത്തെത്തി. റഷ്യയുടെത് അശ്രദ്ധവും അപകടകരവുമായ പ്രവൃത്തിയാണെന്ന് യു.എസ് കുറ്റപ്പെടുത്തി. മുൻകരുതലെന്നോണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് തങ്ങളുടെ സ്പേസ് ഷിപ്പിനകത്ത് തയാറായിരിക്കാൻ നാസ നിർദേശം നൽകിയിരുന്നു.

ഉപഗ്രഹത്തെ തകർക്കുന്ന മിസൈലിന്‍റെ പരീക്ഷണം വൻതോതിൽ ബഹിരാകാശ മാലിന്യങ്ങൾക്ക് കാരണമാകുമെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന ബഹിരാകാശ പരീക്ഷണങ്ങൾക്കും വലിയ ഭീഷണിയാകുമെന്നും യു.എസ് ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. അതേസമയം, ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വലിയ ഭീഷണിയാകുമെന്ന യു.എസ് വാദം റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് തള്ളി. ബഹിരാകാശ നിലയത്തിലെ ഗവേഷകർക്ക് സ്പേസ് ഷിപ്പിൽ കഴിയേണ്ടിവന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും ഐ.എസ്.എസിന്‍റെ ഭ്രമണപഥത്തിൽ അപകടസാധ്യതയില്ലെന്നും ഐ.എസ്.എസ് ഗ്രീൻ സോണിലാണെന്നും റോസ്കോസ്മോസ് ട്വീറ്റ് ചെയ്തു. നിലവിൽ ഏഴ് ഗവേഷകരാണ് ഐ.എസ്.എസിലുള്ളത്.

അതേസമയം, സ്വന്തം ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് റഷ്യ തകർത്തത് 1500ഓളം കഷണങ്ങളായി ചിതറിയിരിക്കുകയാണെന്നും ഇത് ഇനിയും ആയിരക്കണക്കിന് ചെറു മാലിന്യങ്ങളായി ചിതറാൻ സാധ്യതയുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടുന്നു.

ബഹിരാകാശ മേഖലയിൽ എല്ലാ രാഷ്ട്രങ്ങളും അനുവർത്തിച്ച് വരുന്ന സുരക്ഷ, സ്ഥിരത, ദൃഢത എന്നിവയാണ് റഷ്യ തകർത്തതെന്ന് യു.എസ് ആരോപിച്ചു. മിസൈൽ പരീക്ഷണത്തിലൂടെയുണ്ടായ മാലിന്യം വരുംവർഷങ്ങളിൽ നടക്കാനിരിക്കുന്ന നിരവധി ദൗത്യങ്ങളെ അപകടഭീഷണിയിലാക്കും. ബഹിരാകാശ പെരുമാറ്റത്തിന്‍റെ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് റഷ്യയുടെ പ്രവൃത്തി കാണിക്കുന്നതെന്നും പെന്‍റഗൺ പ്രതികരിച്ചു.

Top