യുഎന്‍ നിരോധനം നില്‍ക്കെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണവ കരുത്തു പ്രദര്‍ശിപ്പിച്ചു

ചൈനയുടെയും റഷ്യയുടെയും ഉന്നത നേതാക്കളെ ഇരുവശവും നിര്‍ത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തിനു മുന്‍പില്‍ ആണവ കരുത്തു പ്രദര്‍ശിപ്പിച്ചു. ആണവ മിസൈലുകളും ആക്രമണം നടത്തുന്ന ഡ്രോണുകളും അണിനിരന്ന സൈനിക പരേഡിനാണ് തലസ്ഥാനമായ പ്യോങ്യാങ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. രാജ്യം വിജയദിനമായി ആഘോഷിക്കുന്ന കൊറിയന്‍ യുദ്ധവാര്‍ഷിക ദിനത്തിലാണ് പരേഡ് നടന്നത്. ഉത്തര കൊറിയയുടെ ആണവായുധ പരിപാടിക്ക് യുഎന്‍ രക്ഷാസമിതി നിരോധനം ഏര്‍പ്പെടുത്തിയ 2006 മുതല്‍ ഇരുരാജ്യങ്ങളും അകലം പാലിച്ചുവരികയായിരുന്നു.

റഷ്യയെ പ്രതിനിധീകരിച്ച് പ്രതിരോധമന്ത്രി സെര്‍ഗെയ് ഷോയിഗു ആണ് എത്തിയത്. യുക്രെയ്‌നിലെ സൈനിക നടപടിക്ക് ഉത്തര കൊറിയ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ആശംസാ സന്ദേശം അദ്ദേഹം വായിച്ചു. യുക്രെയ്‌നില്‍ ഉത്തരകൊറിയ നല്‍കിയ ആയുധങ്ങള്‍ റഷ്യ ഉപയോഗിക്കുന്നതായി യുഎസ് നേരത്തെ ആരോപിച്ചിരുന്നു. ചൈനയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം ലി ഹോങ്‌ഷോങ് ആണ് എത്തിയത്.

ഹ്വാസോങ് ഭൂഖണ്ഡാന്തര മിസൈലുകള്‍ അടക്കം പരേഡില്‍ നിരന്നു. യുഎസില്‍ വരെ ആക്രമണം നടത്താന്‍ ഈ മിസൈലുകള്‍ക്ക് കഴിയും. ഇരുരാജ്യങ്ങളും ഉത്തര കൊറിയയുമായി ബന്ധം സ്ഥാപിക്കുന്നതില്‍ അതീവ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ 2 രാജ്യങ്ങള്‍ തുറന്ന പിന്തുണ നല്‍കിയതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് വ്യക്തമാക്കി.

Top