Russian Ambassador Killed in Turkey ; Donald trump’s statement

donald trump

ന്യൂയോര്‍ക്ക്: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പൂര്‍ണ്ണമായും ഇസ്ലാമിക തീവ്രവാദിയായ ഒരാളാണ് ഇത് ചെയ്തതെന്ന് പറഞ്ഞ ട്രംപ് എല്ലാ പൗരാവകാശങ്ങളും കൊലപാതകി ലംഘിച്ചുവെന്നും ആരോപിച്ചു.വെടിയേറ്റ് മരിച്ച തുര്‍ക്കി സ്ഥാനപതി ആന്ദ്രേ കാര്‍ലോവിന്റെ കുടുംബത്തെ ട്രംപ് അനുശോചനം അറിയിച്ചു.

സിറിയയിലെ റഷ്യന്‍ ഇടപെടലിനെതിരെ രംഗത്ത് വന്നിരുന്ന അമേരിക്കയുടെ നിലവിലെ നയം തിരുത്തുമെന്ന സൂചന കൂടിയാണ് നിയുക്ത പ്രസിഡന്റിന്റെ പ്രസ്താവന.

ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നതിനാല്‍ ഈ നിലപാട് മാറ്റം അമേരിക്കയിലെ ഡെമോക്രാറ്റിക്കുകളെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വരുന്നതിന് വേണ്ടി റഷ്യ ഇടപെടല്‍ നടത്തിയെന്ന് ഡെമോക്രാറ്റിക്കുകള്‍ നേരത്തെ ആരോപിച്ചിരുന്നു.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ ഫോട്ടോ പ്രദര്‍ശന പരിപാടിയില്‍ സംസാരിക്കുമ്പോള്‍ പുറകില്‍ നിന്ന് വെടിയേറ്റ കാര്‍ലോവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. അങ്കാറ കലാപ വിരുദ്ധ ഏജന്‍സി അംഗമാണ് കൊലയാളി. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു.

‘അള്ളാഹു അക്ബര്‍, ആലപ്പോയെ മറക്കരുത്, ആലപ്പോയില്‍ ഞങ്ങള്‍ കൊല്ലപ്പെടുന്നു ഇവിടെ നിങ്ങളും’ തുടങ്ങിയ വാക്കുകള്‍ അക്രമി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായാണ് റിപ്പോര്‍ട്ട്. സിറിയയിലെ റഷ്യന്‍ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് നിഗമനം.

അംബാസഡറുടെ കൊലപാതകത്തോടെ സിറിയയിലെ തീവ്രവാദികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് റഷ്യ. ഇത് മേഖലയെ വന്‍ സംഘര്‍ഷത്തിലെത്തിക്കുമെന്നാണ് സൂചന.

Top