ഖാർകിവിൽ റഷ്യൻ വ്യോമസേന ഇറങ്ങി, ആശുപത്രി ആക്രമിച്ചു: യുക്രൈൻ സൈന്യം

കീവ്: റഷ്യന്‍ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയന്‍ സൈന്യം അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാര്‍കിവ്.

യുക്രൈനിയന്‍ പട്ടാളക്കാരും റഷ്യന്‍ പാരാട്രൂപ്പര്‍മാരും തമ്മില്‍ ഖാര്‍കിവിലെ ആശുപത്രിയില്‍ നടന്ന വെടിവെപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്‌. ഏറ്റുമുട്ടലില്‍ യുക്രൈനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഖാര്‍കിവ് മേഖലാ പൊലീസ് മേധാവി വോളോഡിമര്‍ തിമോഷ്‌കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ ആശുപത്രിക്ക് സമീപമുള്ള സ്ഥിതി നിയന്ത്രണവിധേയമാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി യുക്രൈനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top