2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടെന്ന റിപ്പോര്‍ട്ടിനെതിരെ റഷ്യ

മോസ്കോ ; 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടെന്ന റിപ്പോര്‍ട്ടിനെതിരെ റഷ്യ. റിപ്പോര്‍ട്ട് അവ്യക്തമാണെന്നും റഷ്യന്‍ ഇടപെടലിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും റഷ്യയുടെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നു.

റിപ്പോര്‍ട്ടില്‍ കൂറേ കണക്കുകള്‍ പറയുന്നുണ്ടെങ്കിലും എങ്ങനെ റഷ്യ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും യാതൊരു പിന്‍ബലവുമില്ലാത്ത റിപ്പോര്‍ട്ടാണെന്നും റഷ്യ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി റഷ്യ സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തിയെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്.

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ഓക്‌സഫര്‍ഡ് സര്‍വകലാശാല തയ്യാറാക്കിയ റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍ പോസ്റ്റാണ് പുറത്ത് വിട്ടത്. ഓക്‌സ്ഫര്‍ഡിന്റെ ഉപ വിഭാഗമായ നെറ്റ്‌വര്‍ക്ക് അനാലിസിസ് കമ്പനിയായ ഗ്രാഫികയുടെ അന്വേഷണമാണ് റിപ്പോര്‍ട്ടിന് ആധാരം.

പത്ത് കോടി ട്വീറ്റുകളും, ഒരുലക്ഷത്തി പതിനാറായിരം ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും അറുപത്തിയൊന്നായിരം ഫേസ് ബുക്ക് പോസ്റ്റുകളും, ആയിരത്തിലധികം വീഡിയോകളും റിപ്പോര്‍ട്ടിനായി കമ്പനി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റഷ്യന്‍ ഇടപെടലുണ്ടായി എന്ന നിഗമനത്തിലേക്ക് എത്തിയത്.

Top