റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന്, ലോക രാജ്യങ്ങൾ ആശങ്കയിൽ

ഷ്യ ഇപ്പോള്‍ പിടിച്ചെടുത്ത തെക്കന്‍ മേഖല യുക്രെയിന്‍ നിര്‍ണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ലോകം വീണ്ടും ആണവ ഭീഷണിയില്‍. യുദ്ധം ആരംഭിച്ച ശേഷം യുക്രെയിന്‍ തെക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, പുറത്ത് വരുന്ന വിവരം യാഥാര്‍ത്ഥ്യമാണെങ്കില്‍, റഷ്യ മാരക ആയുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്നാണ് ലോക രാജ്യങ്ങള്‍ ഭയക്കുന്നത്. നിലവില്‍ അമേരിക്കയും മറ്റ് നാറ്റോ രാജ്യങ്ങളും നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുക്രെയിന്‍ റഷ്യയെ ചെറുക്കുന്നത്.

തെക്കന്‍ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ യുക്രെയിന്‍ ടാങ്കുകള്‍ ആയിരത്തോളം വരുന്ന റഷ്യന്‍ സേനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെന്നാണ് അമേരിക്കന്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുക്രെയിന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രെയ്‌ന്റെ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായുമാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. യുക്രെയിന്‍ സൈനികര്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയര്‍ത്തുന്നതാണെന്ന പേരില്‍ നിരവധി വിഡിയോകളും പുറത്തുവരുന്നുണ്ട്.

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമന്‍ യുക്രെയ്ന്‍ സേന കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച് നഗരകവാടത്തില്‍ യുക്രെയിന്‍ പതാക ഉയര്‍ത്തിയിരുന്നു. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്‌സന്‍ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് യുക്രെയിന്‍ ഇതെല്ലാം ചെയ്തത്.

ഹര്‍കീവ് നഗരത്തെ മിന്നലാക്രമണത്തിലൂടെ തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് യുക്രെയിന്‍ തെക്കന്‍ മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ആയുധങ്ങള്‍ മാത്രമല്ല, യുദ്ധ തന്ത്രങ്ങളും നാറ്റോ സഖ്യത്തിന്റെയാണ്. പ്രത്യക്ഷമല്ലങ്കിലും ഒരു പരിധിവരെ നാറ്റോ – റഷ്യന്‍ ഏറ്റുമുട്ടലാണ് നടക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ റഷ്യയും തന്ത്രം മാറ്റിയാല്‍ അത് വലിയ നാശത്തിലാണ് കലാശിക്കുക. റഷ്യയോട് കൂട്ടിച്ചേര്‍ത്ത പ്രദേശത്തെ റഷ്യയുടെ ഭാഗമായി തന്നെയാണ് ആ രാജ്യം കാണുന്നത്. അതു കൊണ്ട് തന്നെ റഷ്യയുടെ മണ്ണില്‍ കടന്നുകയറി ആക്രമണം നടത്തിയതിന് വിനാശകരമായ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പുട്ടിന് കഴിയും. റഷ്യന്‍ നിയമം അത് അനുവദിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എത് നിമിഷവും യുക്രെയിന്‍ തലസ്ഥാനത്ത് ഒരു അണുബോംബ് വീഴാനുള്ള സാധ്യത ഏറെയാണ്. ലോകം ഭയക്കുന്നതും അതു തന്നെയാണ്…. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ള റഷ്യയോട് നേരിട്ട് ഏറ്റുമുട്ടാന്‍ സാക്ഷാല്‍ അമേരിക്ക പോലും തയ്യാറാകുകയില്ല. എന്നാല്‍ ഒടുവില്‍ അനുഭവിക്കേണ്ടി വരുന്നത് അമേരിക്ക കൂടി ആയിരിക്കുമെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച ഉത്തരകൊറിയയുടെ നടപടി അമേരിക്കൻ ചേരിയെ ഇപ്പോൾ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ ആക്രമണം നടക്കുന്നത് റഷ്യയോട് ഏറെ അടുപ്പം പുലർത്തുന്ന രാജ്യമാണ് ഉത്തര കൊറിയ എന്നതാണ് അമേരിക്കൻ ചേരിയെ ആശങ്കയിലാഴ്ത്തുന്നത് മിസൈൽ ആക്രമണത്തിനു പിന്നാലെ ജപ്പാനില്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാറും കർശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ ജപ്പാന് മുകളില്‍ കൂടി പറന്നെന്നും പസഫിക് സമുദ്രത്തില്‍ അത് പതിച്ചുവെന്നാണ് കരുതുന്നതെന്നുമാണ് പി.എം ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്
മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. ഉത്തരകൊറിയയുടേത് അശ്രദ്ധമായ ഒരു നടപടിയാണ്. സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര കൊറിയ മിസൈല്‍ 22 മിനിറ്റോളമാണ് ജപ്പാന് മുകളിലൂടെ പറന്നത്. തുടര്‍ന്ന് രാജ്യത്തിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയില്‍ പതിക്കുകയാണ് ഉണ്ടായത്.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇതൊരു വലിയ മുന്നറിയിപ്പ് തന്നെയാണ്. അമേരിക്ക ജപ്പാന് നൽകിയ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. റഷ്യ യുക്രെയിനിൽ നിന്നും പിടിച്ചെടുത്ത പ്രദേശത്ത് മിസൈൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ആ സംവിധാനം നിലവിൽ വരുന്നതോടെ ഒരാക്രമണവും ഏശുകയുമില്ല. ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് റഷ്യയുടെ പക്കലാണ് ഉള്ളത്. സമീപകാലത്ത് ഇന്ത്യയ്ക്കും ഈ സംവിധാനം റഷ്യ നൽകിയിരുന്നു. അതും അമേരിക്കൻ ഉപരോധ ഭീഷണി മറികടന്നാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്.

യുക്രെയിനെ മുൻ നിർത്തി അമേരിക്കൻ ചേരി യുദ്ധം ചെയ്യുന്നതു പോലെ ഉത്തര കൊറിയയെ മുൻ നിർത്തി റഷ്യയും മുന്നോട്ട് പോയാൽ , ജാപ്പാന് മാത്രമല്ല, അത് അമേരിക്കക്കും വലിയ ഭീഷണിയാണ്. അമേരിക്കയിൽ വരെ എത്തുന്ന ആധുനിക മിസൈൽ ഉത്തര കൊറിയയുടെ കൈവശമുണ്ട്. ഈ ഭയം തന്നെയാണ് മുൻപ് അമേരിക്കൻ പ്രസിഡന്റിനെ ഉത്തര കൊറിയൻ പ്രസിഡന്റുമായി ചർച്ചയ്ക്കും പ്രേരിപ്പിച്ചിരുന്നത്.

Top