റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

വാഷിങ്ടന്‍;  റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസും യൂറോപ്യന്‍ യൂണിയനും.റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കു വിഷം നല്‍കിയതും അന്യായമായി ജയിലിലടച്ചതുമായി ബന്ധപ്പെട്ടാണ് ഉപരോധം.റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളി നവല്‍നിയെ ജയിലിലടച്ചതിനെതിരെ റഷ്യയിലെങ്ങും വന്‍ പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ രാസവാതക ആക്രമണത്തിനിരയായ നവല്‍നി മാസങ്ങളോളം ജര്‍മനിയില്‍ ചികിത്സ കഴിഞ്ഞശേഷം ജനുവരിയില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ജയിലിലടച്ചത്

ജൈവ, രാസ വസ്തുക്കളുണ്ടാക്കുന്ന 14 വ്യവസായങ്ങള്‍ക്കും ചില പ്രമുഖ ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് യുഎസ് ഉപരോധം. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ടിട്ടില്ല. യുഎസ് രേഖകള്‍ ചോര്‍ത്താന്‍ റഷ്യ നടത്തിയ ശ്രമങ്ങളും ഉപരോധകാരണമായി. റഷ്യന്‍ ഫെഡറേഷന്റെ അന്വേഷണ സമിതി തലവന്‍ അലക്‌സാണ്ടര്‍ ബാസ്ട്രികിന്‍, പ്രോസിക്യൂട്ടര്‍ ജനറല്‍ ഇഗോര്‍ ക്രാസ്‌നോവ്, നാഷനല്‍ ഗാര്‍ഡ് തലവന്‍ വിക്ടര്‍ സൊളട്ടോവ്, ഫെഡറല്‍ പ്രിസന്‍ സര്‍വീസ് മേധാവി അലക്‌സാണ്ടര്‍ കലാഷ്‌നിക്കോവ് എന്നിവര്‍ക്കെതിരെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം.

 

Top