റഷ്യ-യുക്രെയിൻ സംഘർഷത്തിൽ നടപടിയുമായി ഇൻസ്റ്റാഗ്രാം

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ഇതിന് പിന്തുണയുമായി ലോകത്തെ പ്രധാന ടെക്ക് കമ്പനികൾ രംഗത്ത് വന്നിരുന്നു. മെറ്റ, ആപ്പിൾ, ഗൂഗിൾ, തുടങ്ങിയ ടെക്ക് കമ്പനികളും റഷ്യയ്ക്കെതിരെ നപടി സ്വീകരിച്ചിട്ടുണ്ട്. റഷ്യയിലെ സേവനങ്ങൾ നിർത്തി വെക്കുക, വ്യാജ വാർത്തകളുടെയും റഷ്യൻ അനുകൂല വാർത്തകളുടെയും പ്രചാരണം തടയുക എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ടെക്ക് കമ്പനികൾ നപടികൾ സ്വീകരിച്ചിരിക്കുന്നത്.

റഷ്യ-യുക്രെയിൻ സംഘർഷത്തിനിടെ ഇപ്പോൾ ഇൻസ്റ്റാഗ്രാമും പുതിയ നടപടി സ്വീകരിച്ചിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റാഗ്രാം റഷ്യയിലെയും യുക്രെയിനിലെയും പ്രൈവറ്റ് അക്കൗണ്ടുകളുടെ ഫോളോവേഴ്സ് ഇൻഫർമേഷൻ ഹൈഡ് ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. റഷ്യയിലെയും യുക്രെയിനിലെയും യൂസേഴ്സിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

ആളുകളുടെ ഫോളോവേഴ്സ്, പരസ്പരം ഫോളോ ചെയ്യുന്നവർ, ഈ രണ്ട് രാജ്യങ്ങളിലെയും സ്വകാര്യ അക്കൗണ്ടുകളെ ഫോളോ ചെയ്യുന്നവർ എന്നിങ്ങനെയുള്ള വിവരങ്ങൾ എല്ലാം ഹൈഡ് ചെയ്യപ്പെടും. മെറ്റയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാനും രണ്ട് രാജ്യത്തെയും ആളുകളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് തീരുമാനമെന്നും ഇൻസ്റ്റാഗ്രാം വിശദീകരിച്ചു.

യുവർ ആക്റ്റിവിറ്റി, ഡൗൺലോഡ് യുവർ ഇൻഫർമേഷൻ തുടങ്ങിയ വിവിധ ടൂളുകൾ രണ്ട് രാജ്യങ്ങളിലെയും യൂസേഴ്സിനായി കമ്പനി ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ഈ ഫീച്ചറുകൾ ആളുകളെ അവർ പോസ്‌റ്റ് ചെയ്‌ത കണ്ടന്റുകൾ ബൾക്ക് ആയി ഡിലീറ്റ് ചെയ്യാനും അവരുടെ എല്ലാ ഇൻസ്റ്റാഗ്രാം ഡാറ്റയും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സഹായിക്കും. റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മീഡിയ വെബ്സൈറ്റുകളെ ലേബൽ ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം അറിയിച്ചിട്ടുണ്ട്.

റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മീഡിയ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇൻവിറ്റേഷനുകളും എല്ലാം ലേബൽ ചെയ്യപ്പെടും. റഷ്യൻ ഭരണകൂട നിയന്ത്രിതമായ മീഡിയ വെബ്‌സൈറ്റുകളിലേക്കാണ് ഈ ലിങ്കുകൾ നയിക്കുന്നതെന്ന് ആളുകളെ അറിയിക്കാനായിരിക്കും ഈ ലേബലുകൾ ഉപയോഗിക്കുക. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ട്രേയിൽ താഴ് ഭാഗത്തായിട്ടായിരിക്കും ഈ ലേബൽ വരുന്ന സ്റ്റോറികൾ പ്രത്യക്ഷമാകുന്നത്.

Top