പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഉക്രെയ്ന്‍ വാങ്ങിയ ആയുധങ്ങള്‍ നശിപ്പിച്ചതായി റഷ്യ

കീവ്: യുഎസിലും യൂറോപ്യൻ യൂണിയനിൽ നിന്നും വാങ്ങി പടിഞ്ഞാറൻ ഉക്രെയ്നിലെ ടെർനോപിൽ മേഖലയിൽ ഉക്രെയ്ൻ സംഭരിച്ചിരുന്ന ആയുധങ്ങൾ നശിപ്പിച്ചതായി റഷ്യ. കിഴക്കൻ നഗരമായ സിവിറോഡൊണെട്സ്കിൽ റഷ്യ‑ഉക്രെയ്ൻ സൈനികർ തമ്മിൽ പോരാട്ടം തുടരുകയാണ്.

കരിങ്കടലിൽ നിന്നും ആക്രമണമുണ്ടായതായി ടെർണോപിൽ മേഖലാ ഗവർണർ സ്ഥിരീകരിച്ചു. സൈനീകകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇവിടെ ആയുധശേഖരമില്ലെന്ന് മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അമേരിക്കയും മറ്റ് രാജ്യങ്ങളും ഉക്രെയ്ന് ആയുധങ്ങൾ കൈമാറുന്നതിനെതിരെ റഷ്യ ശക്തമായി പ്രതികരിച്ചിരുന്നു. മൊബൈൽ റോക്കറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം ആയുധങ്ങൾ സംഭരിച്ച പ്രദേശങ്ങൾ തകർക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു.

അതേസമയം റഷ്യൻ സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ ആയുധക്കൈമാറ്റം വേഗത്തിലാക്കണമെന്ന് കാണിച്ച് ഉക്രെയ്ൻ മറ്റ് രാജ്യങ്ങളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ലുഹാൻസ്ക്, ഡൊണെട്സ്ക് പ്രവിശ്യകൾ ഉൾക്കൊള്ളുന്ന വാണിജ്യമേഖലയായ ഡോൺബാസ് പിടിച്ചെടുക്കുന്നതിനായി സിവിറോഡൊണെട്സ്ക് കേന്ദ്രീകരിച്ചാണ് റഷ്യൻ‍ സൈനികനടപടികൾ നടത്തുന്നത്. ഫെബ്രുവരി 24ന് ഉക്രെയ്നിലെ റഷ്യൻ സൈനികനടപടി ആരംഭിച്ചതിന് പിന്നാലെ ഉക്രെയ്നിലെ പല നഗരങ്ങളും റഷ്യ നശിപ്പിച്ചിരുന്നു.

സിവിറോഡൊണെട്സ്കിൽ റഷ്യ‑ഉക്രെയ്ൻ സൈന്യങ്ങളുടെ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ലുഹൻസ്ക് ഗവർണർ‍ സെൽഹി ഗയ്ഡയ് പറഞ്ഞു. നഗരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും റഷ്യൻ സേന ഏറ്റെടുത്തുവെങ്കിലും വാണിജ്യമേഖലയും കെമിക്കൽ പ്ലാന്റും ഉക്രെയ്ന്റെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് പ്ലാന്റിൽ അഭയം തേടിയിരിക്കുന്നത്. ഈ പ്ലാന്റിനു നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

Top