റഷ്യയുമായും ചൈനയുമായും പുതിയ ആണവക്കരാര്‍ ഉണ്ടാക്കാന്‍ തയാര്‍: ട്രംപ്

വാഷിംഗ്ടണ്‍ റഷ്യയുമായും ചൈനയുമായും പുതിയ ആണവക്കരാര്‍ ഉണ്ടാക്കാന്‍ തയാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഭരണകൂടം ചൈന, റഷ്യ നേതൃത്വങ്ങളുമായി ഇക്കാര്യം സംസാരിച്ചു. അവര്‍ വളരെ താത്പര്യം പ്രകടിപ്പിച്ചെന്നു ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഹ്രസ്വ, മധ്യദൂര മിസൈലുകള്‍ നിരോധിച്ച് ശീതയുദ്ധകാലത്തു സോവിയറ്റ് യൂണിയനുമായി ഒപ്പുവച്ച ഐഎന്‍ഫ് (ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ്) കരാറില്‍നിന്നു യുഎസ് കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇതോടെ റഷ്യയും യുഎസും തമ്മില്‍ വന്‍ ആയുധമത്സരത്തിനു കളമൊരുങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ കരാറിനു ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

പുതിയ കരാര്‍ ലോകത്തിനു ഗുണം ചെയ്യും. ചൈനയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. കരാര്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

Top