ഒടുവില്‍ മഹാമാരി റഷ്യയെയും പിടിമുറുക്കി; രോഗം സ്ഥിരീകരിച്ചത് 840 പേര്‍ക്ക്

മോസ്‌കോ: പ്രാരംഭ കേന്ദ്രമായ ചൈനയുമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിര്‍ത്തി പങ്കിട്ടിട്ടും റഷ്യയില്‍ ഒരാള്‍ പോലും കൊറോണ വൈറസ് ബാധിച്ചു മരിച്ചിട്ടില്ലെന്ന വാര്‍ത്ത ലോകത്ത് ഏറെ അത്ഭുതമുണ്ടാക്കിയതായിരുന്നു. എന്നാല്‍ ഒടുവില്‍ റഷ്യയെയും പിടികൂടുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി.

മാര്‍ച്ച് 10-ാം തീയതി വരെ ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ നിലവില്‍ അത് 840 ആയി കുതിച്ചുയര്‍ന്നു കഴിഞ്ഞു. ഇതില്‍ മൂന്നിലൊന്നു പേരും മോസ്‌കോ മേഖലയിലാണ്. ഒറ്റദിവസം 163 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏതാണ്ട് അറുപതോളം പ്രദേശങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കൂടുതല്‍ രോഗബാധയുടെ പശ്ചാത്തലത്തില്‍ പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ മോസ്‌കോ തീരുമാനിച്ചു.

മുന്‍പ് സാംപിളുകള്‍ സൈബീരിയയില്‍ അയച്ചാണു പരിശോധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രാദേശിക ലാബുകളിലും ആന്റി പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന ആരംഭിച്ചു. ഏഴു ലക്ഷത്തോളം പരിശോധനാ കിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലാണ് തലസ്ഥാന നഗരിയെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സൊബ്യാനിന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അറിയിച്ചിട്ടുണ്ട്.

രോഗം നേരിടാനായി മോസ്‌കോയുടെ പ്രാന്തപ്രദേശത്ത് പ്രത്യേക ആശുപത്രിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ വീടുകളില്‍ ഐസലേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. അവശ്യസര്‍വീസുകള്‍ ഒഴികെ 28 മുതല്‍ ഏപ്രില്‍ 5 വരെ അടച്ചിടാനും നിര്‍ദേശമുണ്ട്. 26 അര്‍ധരാത്രി മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. റഷ്യന്‍ പൗരന്മാരെ വിദേശത്തുനിന്ന് എത്തിക്കാനുള്ള വിമാനങ്ങള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. ചൈനയില്‍ കൊറോണ പടര്‍ന്നുപിടിച്ച ജനുവരിയില്‍ തന്നെ റഷ്യ ചൈനയുമായുള്ള അതിര്‍ത്തി അടച്ചിരുന്നു.

ഏറെ നീളമുള്ള അതിര്‍ത്തിയില്‍ 16 പ്രവേശന കവാടങ്ങള്‍ ആണുള്ളത്. ചൈനയിലുള്ള റഷ്യക്കാരെ എത്തിക്കാനുള്ള ഒരു കവാടം ഒഴികെ എല്ലാം അടച്ചിട്ടു. ചൈനയില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകളും ചാര്‍ട്ടര്‍ വിമാന സര്‍വീസുകളും റദ്ദാക്കി. ജനുവരി 31-ന് റഷ്യയില്‍ ആദ്യമായി രണ്ടു ചൈനീസ് ടൂറിസ്റ്റുകള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വിദേശികളുമായി അടുത്ത് ഇടപഴകിയ ആളുകളെ ഫെബ്രുവരിയില്‍ തന്നെ ആശുപത്രികളില്‍ ഐസലേറ്റ് ചെയ്തു. 1,12,000 പേര്‍ ഹോം ഐസലേഷനുമായി.

Top