യുക്രൈനിലേക്ക് 84 മിസൈലുകൾ അയച്ച് റഷ്യ; 14 പേർ കൊല്ലപ്പെട്ടു

കീവ് : യുക്രൈനെ തകർക്കാൻ ഏറ്റവും വലിയ വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ റഷ്യ വർഷിച്ചത് 84 ക്രൂയിസ് മിസൈലുകൾ. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിൽ യുക്രൈനെ കുറ്റപ്പെടുത്തിയ റഷ്യ വൻ തിരിച്ചടിയാണ് ആരംഭിച്ചിരിക്കുന്നത്. 84 മിസൈലുകളാണ് റഷ്യ യുക്രൈനിലേക്ക് തൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളിൽ 14 പേർ മരിച്ചു. തലസ്ഥാനമായ കൈവിന്റെ മധ്യഭാഗത്തുള്ള തിരക്കേറിയ നഗരങ്ങളിലും പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മിസൈലുകൾ പതിച്ചു. ഭീകരമായ ആക്രമണം എന്നാണ് സംഭവത്തെ അമേരിക്ക വിശേഷിപ്പിച്ചത്.

പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രേനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. തൊടുത്തുവിട്ട മിസൈലുകളിൽ 43 എണ്ണം തകർത്തതായി യുക്രൈന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങളെല്ലാം തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

 

Top