ഇന്ത്യയില്‍ 10 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ന്യൂഡൽഹി : വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുമായി കൈകോർക്കാനൊരുങ്ങി റഷ്യ. റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് സ്ഫുട്‌നിക് 5. ഈ വാക്സിൻ പരീക്ഷിക്കാനും വിതരണം ചെയ്യാനും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലാബോറട്ടറീസുമായി പങ്കളിത്തത്തിനൊരുങ്ങുകയാണ് റഷ്യ. അതിന്റെ ഭാഗമായി ഡോ. റെഡ്ഡി ലാബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി.

അന്തിമ അനുമതി ലഭിച്ചാല്‍ റെഡ്ഡി ലാബോറട്ടറീസുമായി സഹകരിച്ച് ഇന്ത്യയില്‍ 10 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. സംയുക്തമായി വാക്‌സിന്‍ പരീക്ഷണം നടത്തുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി കിറില്‍ ദിമിത്രീവ് അടുത്തിടെ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. സ്പുട്‌നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ദിമിത്രീവ് അഭിപ്രായപ്പെട്ടു.

കസാക്കിസ്ഥാന്‍, മെക്സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇതിനകം തന്നെ സ്ഫുട്നിക് വാക്സിൻ വിതരണം ചെയ്യാനുളള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റഷ്യയാണ് ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന്‍ വികസിപ്പിച്ചത്.

കൊവിഡിനെതിരെ ദീര്‍ഘകാല പ്രതിരോധശേഷി നല്‍കുന്നതാണ് വാക്സിന്‍ എന്നാണ് റഷ്യയുടെ അവകാശവാദം. മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട വാക്സിന്‍ ആണ് സ്ഫുട്‌നിക്-5, നിലവില്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാവുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.

Top