ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിന്‍ ഫലപ്രദമെന്ന് റഷ്യ

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിന്‍ ഫലപ്രദമെന്ന് റഷ്യ. ലോകമെമ്പാടും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പട്‌നിക് വി വാക്‌സിന്‍ ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി, ഒമിക്രോണിനെതിരെ ഉയര്‍ന്ന വൈറസ് ന്യൂട്രലൈസിംഗ് പ്രവര്‍ത്തനം (വിഎന്‍എ) കാഴ്ചവെക്കുന്നുണ്ട്.

എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചവയുള്‍പ്പെടെയുള്ള വാക്‌സിനെ അപേക്ഷിച്ച് മൂന്ന് മുതല്‍ ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷിയാണ് സ്പുട്‌നിക് നല്‍കുന്നത്. മറ്റുള്ള വാക്‌സിനുകളേക്കാള്‍ 80 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് ലൈറ്റെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതിന്റെ പ്രതിരോധശേഷി വളര കാലം നീണ്ടുനില്‍ക്കുമെന്നും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് പോലും ദീര്‍ഘകാലം സംരക്ഷണം നല്‍കുമെന്നും ഗമാലേയ സെന്ററിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

സ്പുട്‌നിക് ലൈറ്റ് ബൂസ്റ്ററിന് രണ്ടുമുതല്‍ മൂന്ന്മാസങ്ങള്‍ക്ക് ശേഷവും ഒമിക്രോണിനെതിരായ വൈറസ് ന്യൂട്രലൈസിംഗ് പ്രവര്‍ത്തനം കൂടുതലാണെന്നും ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസേജുകളിലായാണ് സ്പുട്‌നിക് വി നല്‍കേണ്ടത്. സ്പുട്‌നിക് വിയുടെ രണ്ട് ഡോസുകള്‍ക്ക് 91 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഒറ്റ ഡോസിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഗമാലേയ റിസര്‍ച്ച് സെന്റര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Top