‘എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ല’; അനറ്റോലി അന്റനോവ്

മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച അമേരിക്കയ്ക്ക് മറുപടിയുമായി റഷ്യ. അമേരിക്കയുടെ വിമര്‍ശനം കാപട്യം നിറഞ്ഞതാണെന്നാണ് മറുപടി. ‘എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.

കിമ്മും പുടിനും തമ്മിലുള്ള സൗഹൃദം അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ അമേരിക്ക ഏഷ്യയില്‍ ഒരു സഖ്യം കെട്ടിപ്പടുത്തെന്ന് അനറ്റോലി അന്റനോവ് തിരിച്ചടിച്ചു. കൊറിയന്‍ ഉപദ്വീപിന് സമീപം അമേരിക്ക സൈനിക അഭ്യാസങ്ങള്‍ വിപുലീകരിച്ചു. അമേരിക്ക യുക്രെയിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ വിതരണം ചെയ്‌തെന്നും അന്റനോവ് വിമര്‍ശിച്ചു. വാഷിംഗ്ടണ്‍ സാമ്പത്തിക ഉപരോധങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയേണ്ട സമയമാണിത്. അമേരിക്ക കേന്ദ്രമാക്കിയുള്ള ആധിപത്യം ഇനി സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ നിന്ന് ട്രെയിനിലാണ് കിം ജോങ് ഉന്‍ റഷ്യയിലേക്ക് പുറപ്പെട്ടത്. ട്രെയിനില്‍ 1180 കിമീ സഞ്ചരിച്ച് കിം തുറമുഖ നഗരമായ വ്‌ലാഡിവോസ്‌ടോക്കിലെത്തി. പുടിന്റെ ക്ഷണപ്രകാരമായിരുന്നു റഷ്യയിലെ ഔദ്യോഗിക സന്ദര്‍ശനം.

കിമ്മും പുടിനും കൂടിക്കാഴ്ചക്കിടെ പരസ്പരം തോക്കുകള്‍ സമ്മാനിച്ചു. ഇരുവരും സമ്മാനങ്ങള്‍ കൈമാറിയോ എന്ന ചോദ്യത്തിന് മറുപടിയായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇക്കാര്യം പറഞ്ഞത്. പുടിന്‍ കിമ്മിന് ഉയര്‍ന്ന നിലവാരമുള്ള റഷ്യന്‍ നിര്‍മിത റൈഫിള്‍ നല്‍കി. തിരിച്ച് കിം ഉത്തര കൊറിയയില്‍ നിര്‍മിച്ച റൈഫിള്‍ നല്‍കിയെന്നും ക്രെംലിന്‍ വക്താവ് പറഞ്ഞു.

2019ലാണ് കിം ഇതിനു മുന്‍പ് റഷ്യ സന്ദര്‍ശിച്ചത്. സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി ഉത്തര കൊറിയയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതാണ് അമേരിക്കയിലെ ആശങ്കയിലാക്കിയത്.

Top