റഷ്യയുടെ എസ്-400 ട്രയംഫ് വിമാനവേധ മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയുടെ എസ്-400 ട്രയംഫ് വിമാനവേധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നതിനുള്ള കരാര്‍ തയാറാക്കുകയാണെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിന്‍.

കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാന്‍ ധാരണയായത്. അഞ്ച് ബില്യണ്‍ യുഎസ് ഡോളറില്‍ അധികം ചെലവിട്ടാണ് സംവിധാനം വാങ്ങുന്നത്.

1990ല്‍ റഷ്യ നിര്‍മിച്ച എസ് – 300 വിമാനവേധ സംവിധാനത്തിന്റെ ശ്രേണിയില്‍പ്പെടുന്നതാണ് എസ്-400 ട്രയംഫ്. നിലവില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 എന്ന് വിലയിരുത്തപ്പെടുന്നു.

വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ 400 കിലോമീറ്റര്‍ അകലെവച്ചേ തകര്‍ക്കാന്‍ എസ്-400ന് കഴിയും. മൂന്നു തരത്തിലുള്ള മിസൈലുകള്‍ ഇതില്‍ വഹിക്കാനാകും. ഒരേസമയം 36 ലക്ഷ്യങ്ങളെ നേരിടാനുമാകും.അതേസമയം, എസ്-400 ട്രയംഫിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി.

Top