ലോകത്തെ ഒന്നടങ്കം നശിപ്പിക്കാന്‍ ശേഷിയുള്ള റേഡിയോ ആക്ടീവ് ‘സൂനാമി’യുമായി റഷ്യ

മോസ്‌കോ: ലോകത്തെ ഒന്നടങ്കം നശിപ്പിക്കാന്‍ ശേഷിയുള്ള ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ റോന്തു ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം കടന്നാക്രമിക്കാനും, ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് ‘സൂനാമി’യിലൂടെ ഇല്ലാതാക്കാനും ഇതിലൂടെ റഷ്യയ്ക്കാവും. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്.

ഓഷ്യന്‍ മള്‍ട്ടി പര്‍പ്പസ് സിസ്റ്റം സ്റ്റാറ്റസ് – 6 എന്നും അറിയപ്പെടുന്ന ഈ യുയുവിക്ക് ‘കാന്യന്‍’ എന്ന വിളിപ്പേരുമുണ്ട്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളാണു പൊസൈഡനെ കാന്യനെന്നു വിശേഷിപ്പിക്കുന്നത്. സ്വയം പ്രവര്‍ത്തനശേഷിയുള്ള ആണവ ടോര്‍പിഡോയാണു പൊസൈഡനിലുള്ളത്. ഈ ഭൂഖണ്ഡാന്തര ആണവായുധം പ്രവര്‍ത്തിക്കുന്നതും ആണവോര്‍ജത്തിലാണ്. കടലിനടിയില്‍ ശത്രുവിനെ കണ്ടെത്തി സ്വയം പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. അതിനാല്‍തന്നെ, ലോകത്തിലെ ഏറ്റവും വലിയ ആണവ ബോംബുകളിലൊന്നായിരിക്കും ഇത്.

Russia-Torpedo-Poseidon-3.jpg.image.784.410

അഞ്ചു ദശാബ്ദക്കാലത്തോളം കടലില്‍ തങ്ങി നില്‍ക്കും വിധത്തിലുള്ള റേഡിയോ ആക്ടീവ് പ്രസരണ ഭീഷണിയാണ് ഈ ടോര്‍പിഡോ സൃഷ്ടിക്കുന്നത്. സ്‌ഫോടനമുണ്ടാകുമ്പോള്‍ കടലിലെ ചെളിയോ വെള്ളമോ ഇതു വലിച്ചെടുക്കും. പിന്നീടു സ്‌ഫോടനത്തിന്റെ റേഡിയോ ആക്ടീവ് അവശിഷ്ടവുമായി കൂട്ടിച്ചേര്‍ക്കും. ഇതിനെ പുറന്തള്ളുകയും ചെയ്യും. ആയിരക്കണക്കിനു മൈല്‍ ദൂരത്തേക്കാണ് ഈ അവശിഷ്ടങ്ങളെത്തുക.

10,000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്കു ടോര്‍പിഡോയ്ക്ക് എത്താന്‍ സാധിക്കും. 3300 അടി താഴെ വരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്. എല്ലാ ട്രാക്കിങ് ഡിവൈസുകളെയും മറ്റു കടല്‍ക്കെണികളെയും തകര്‍ത്തു മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഇതിനു ശേഷിയുണ്ട്.

യുഎസ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ നിര്‍മിക്കുന്നതു ശക്തമാക്കിയതോടെയാണ് അവയെയും തകര്‍ക്കാനുള്ള ശേഷി കൈവരിക്കാന്‍ റഷ്യയും ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളുടെയും തലവന്മാരായ വ്‌ളാഡിമിര്‍ പുടിനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു പൊസൈഡന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

Top