ആദ്യ ഉപഗ്രഹത്തെ സ്മരിച്ച് റഷ്യ, ‘സ്പുട്‌നിക് വി’; കോവിഡ് വാക്‌സിന് പേരിട്ടു

മോസ്‌കോ: ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച് പുറത്തിറക്കിയ കോവിഡ് വാക്സിന് സ്പുട്നിക് വി എന്ന് നാമകരണം ചെയ്ത് റഷ്യ. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ ഉപഗ്രത്തെ സ്മരിച്ചുകൊണ്ടാണ് വാക്സിന് ‘സ്പുട്നിക് വി’ എന്ന പേരിട്ടത്.

തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ആണ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന്‍ വാക്‌സിന്‍ പ്രഖ്യാപനം നടത്തിയത്.

കൊറോണ വൈറസില്‍ നിന്ന് ശാശ്വത പ്രതിരോധ ശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്‌സിന്‍ പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുതിന്‍ നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം, വാക്‌സിന്‍ പുറത്തിറക്കിയെങ്കിലും ഇത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്ന് റഷ്യയിലെ പ്രമുഖ വൈറോളസ്റ്റുമാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചില ആന്റിബോഡികളുടെ സാന്നിധ്യം രോഗ തീവ്രത വര്‍ധിപ്പിച്ചേക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

Top