റഷ്യ യുക്രൈൻ യുദ്ധം ച‍ർച്ചയിലൂടെ അവസാനിപ്പിക്കണം; ജി20യിൽ രണ്ടാം ലോകമഹായുദ്ധ വിനാശം ഓര്‍മ്മിപ്പിച്ച് മോദി

ബാലി: റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി ച‍ർച്ചയിലൂടെ കണ്ടെത്തണമെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓ‍ർമ്മിപ്പിച്ച് ആയിരുന്നു മോദിയുടെ പ്രസംഗം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തുടങ്ങിയവരെ ജി20 ഉച്ചകോടിക്കിടെ മോദി കണ്ടു.

യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തിൽ റഷ്യ – യുക്രൈൻ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെ ഇന്ത്യആവ‍‍ർത്തിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുന്പോൾ സമാധാനത്തിന്‍റെ ശക്തമായ സന്ദേശം നൽകാൻ ആകണമെന്നും മോദി പറഞ്ഞു.

രാസവള ദൗർലഭ്യം ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മോദി കൊവിഡ് കാലത്തെ ഇന്ത്യയുടെ നേട്ടങ്ങളും ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള സെഷനിൽ ഉയ‍ർത്തിക്കാട്ടി. ജോ ബൈഡൻ ഉൾപ്പടെ വിവിധ രാജ്യതലവൻമാരുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ ഹ്രസ്വ ച‍ർച്ച നടത്തി. 2020 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഗൽവാൻ സംഘ‍ർഷത്തിന് ശേഷം ആദ്യമായാണ് ഷീ ജിൻപിങുമായി മോദി സംസാരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ റിഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ആഗോള വെല്ലുവിളി നേരിടാൻ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമ‍ർശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ട്. ഡിസംബ‍ർ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്. വ്ളാഡിമിർ പുടിൻ എത്താത്തിനാൽ യുക്രെയിൻ സംഘർഷം തീർക്കാനുള്ള ചർച്ചകൾ ബാലിയിൽ ഉണ്ടാകാനിടയില്ല.

Top