റഷ്യയെ ഒറ്റപ്പെടുത്തണം; ലോകരാജ്യങ്ങളോട് യുക്രൈന്‍ അഭ്യര്‍ത്ഥന

മോസ്‌കോ: ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍. റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം വേണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കണം. ഒപ്പം മനുഷ്യത്വപരമായ പിന്തുണ വേണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ആളുകള്‍ വീടുകളില്‍ തുടരാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസില്‍കീവ് എയര്‍ബേസില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്ഥാനമൊഴിയണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിലപാട്. പുതിയ സര്‍ക്കാര്‍ വരണം എന്നും പുടിന്‍ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡന്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളില്‍ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു ഭരണമാറ്റമുണ്ടായാല്‍ ആക്രമണം നിര്‍ത്താമെന്നും റഷ്യ പറയുന്നു. എന്നാല്‍ റഷ്യ സൈന്യത്തെ വിന്യസിച്ച് ആക്രമണങ്ങള്‍ തുടങ്ങിയതോടെ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു.

 

 

Top