ലൈവിനിടെ ചാനൽ മൈക്ക് തട്ടിയെടുത്ത് നായ്ക്കുട്ടൻ; പിന്നാലെ ഓടി റിപ്പോർട്ടർ

മോസ്കോ: റിപ്പോര്‍ട്ടിങിനിടെ ജോലി തടസ്സപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് അത്ര അപൂര്‍വ കാര്യമൊന്നുമല്ല, പ്രകൃതിക്ഷോഭങ്ങൾക്കിടയിലും സമരങ്ങള്‍ക്കിടയിലും ചാനൽ റിപ്പോ‍ര്‍ട്ടര്‍മാര്‍ കുറച്ചു കഷ്ടപ്പെട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. എന്നാൽ റഷ്യയിലെ ഒരു ചാനൽ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത് ഇതൊന്നുമല്ല.

വാര്‍ത്തയ്ക്കിടെ എവിടെ നിന്നോ ഓടിയെത്തി റിപ്പോര്‍ട്ടറുടെ മൈക്കും കടിച്ചെടുത്തു സ്ഥലം വിട്ട നായയാണ് ഇന്ന് ഇൻ്റര്‍നെറ്റില ഹീറോ. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ ചാനൽ തന്നെ പുറത്തു വിട്ടതോടെ സംഭവം അതിവേഗം വൈറലാകുകയും ചെയ്തു. റഷ്യൻ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്കിനയുടെ മൈക്കാണ് ക്യൂട്ടായ അക്രമി തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്ക്രീനിൽ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം സ്തംഭിച്ചു നിന്നു.

എന്നാൽ മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും ക്യാമറാമാൻ പകര്‍ത്തി. സംപ്രേഷണം നിര്‍ത്തി വെക്കാതിരുന്നതിനാൽ സംഭവത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരും ഇതു കണ്ടു. ഇതിനിടയിൽ റിപ്പോര്‍ട്ടറുമായുള്ള ബന്ധം നഷ്ടമായെന്നും ഉടൻ തിരിച്ചു വരാമെന്നും പറഞ്ഞ് വാര്‍ത്താ അവതാരകയും തടി തപ്പി.

ലൈവ് റിപ്പോര്‍ട്ടിങിനിടെ സംഭവിച്ച രസകരമായ സംഭവം അലി ഓസ്കോക്ക് എന്ന റിപ്പോര്‍ട്ടര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടതിനു പിന്നാലെയാണ് ഈ വീഡിയോ വൈറലായത്. എന്നാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ റിപ്പോര്‍ട്ടറായ നടേസ്ഡയ്ക്ക് നായയുടെ പക്കൽ നിന്നു മൈക്ക് തിരിച്ചു വാങ്ങാനായി. മൈക്കിൻ്റെ കുറച്ചു ഭാഗം അവൻ കടിച്ചെടുത്തെന്നും എന്നാൽ പ്രധാന ഭാഗങ്ങള്‍ക്കൊന്നും പരിക്കില്ലെന്നും റിപ്പോര്‍ട്ടര്‍ പ്രേക്ഷകരെ അറിയിച്ചു.
Top