ട്രംപിനെ വീണ്ടും അധികാരത്തിലേറ്റാന്‍ അമേരിക്കയില്‍ റഷ്യന്‍ ഇടപെടല്‍ . . .

പുറമെ ശത്രുക്കളാണെങ്കിലും അകത്ത് വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തികളാണ് ട്രംപും പുടിനും.

ലോകത്തെ നയിക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും ഈ സാരഥികള്‍ വീണ്ടുമിപ്പോള്‍ ഒന്നിക്കുകയാണ്.

ട്രംപിന്റെ രണ്ടാമൂഴം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് റഷ്യയുടെ ഇടപെടല്‍. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റഷ്യ ഇടപെട്ടിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇടപെടല്‍ കണ്ടെത്തിയിരുന്നത്. സമാനമായ ചരിത്രമാണ് വീണ്ടുമിപ്പോള്‍ ആവര്‍ത്തിക്കുന്നത്.

ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ എത്തുന്നതിലും നല്ലത് റിപ്പബ്ലിക്കന്‍സാണെന്നാണ് റഷ്യ വിലയിരുത്തുന്നത്. പുടിന്റെ സുഹൃത്ത് കൂടിയായതിനാല്‍, ട്രംപിനു തന്നെയാണ് വലിയ പരിഗണന റഷ്യന്‍ ഏജന്‍സികള്‍ നല്‍കുന്നത്.

2020 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. റഷ്യ തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ട്രംപിനെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നതായി, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ് അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്.

ഡെമോക്രാറ്റായ ട്രംപിന്റെ ശത്രു ആദം ഷിഫ് അധ്യക്ഷനായ, ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയിലാണ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപിന് രണ്ടാമൂഴം ഉറപ്പാക്കാന്‍ റഷ്യ പിന്തുണ നല്‍കുന്നുവെന്നാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളെ സാക്ഷിയാക്കി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചിരിക്കുന്നത്.

റഷ്യ ട്രംപിനെ പിന്തുണയ്ക്കുന്നതായി കമ്മിറ്റി അംഗങ്ങള്‍ക്ക് വിവരം നല്‍കിയതായി, സിഎന്‍എന്‍ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹാക്കിംഗും, തെറ്റായ പ്രചരണങ്ങളും നടത്തി സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ട്രംപ് അനുകൂല തരംഗം സൃഷ്ടിക്കാനും, റഷ്യ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. ട്രംപിനെ സഹായിക്കുന്നതിന് പുറമെ, തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പൊതുജനത്തിന് സംശയങ്ങള്‍ ജനിപ്പിക്കാനുമാണ് പുടിന്റെ പുതിയ ഓപ്പറേഷന്‍.

റഷ്യക്കാര്‍ ഒരൊറ്റ സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്ക്കുന്നതെന്ന്, ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാണെന്നാണ് ഇന്റലിജന്‍സ് ചൂണ്ടികാണിക്കുന്നത്. അതേസമയം തന്റെ എതിരാളിയായ ആദം ഷിഫിന് ഈ വിവരങ്ങള്‍ നല്‍കിയത് പ്രസിഡന്റ് ട്രംപിനെ അമ്പരപ്പിച്ചിട്ടുണ്ട്. തനിക്കെതിരായ ആയുധമായി ഡെമോക്രാറ്റുകള്‍ ഇത് ഉപയോഗിക്കുമെന്നാണ്, പ്രസിഡന്റ് ആശങ്കപ്പെടുന്നത്.

ട്രംപിനെതിരെ ഇംപീച്ച്മെന്റ് വിചാരണ നടത്തുമ്പോള്‍ ഡെമോക്രാറ്റ് ഹൗസ് മാനേജരായിരുന്നു ഷിഫ്. ഇയാള്‍ക്ക് മുന്നില്‍ രഹസ്യവിവരങ്ങള്‍ വിശദീകരിച്ചതിന് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ജോസഫ് മാഗ്വിറിനെ ട്രംപ് രോഷത്തോടെയാണ് നേരിട്ടിരിക്കുന്നത്. മാഗ്വിറിന്റെ സഹായി ഷെല്‍ബി പിയേഴ്സനാണ് റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നില്‍ വിളമ്പിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ട്രംപിനെ റഷ്യ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പിച്ച പിയേഴ്സന്റെ വിശദീകരണത്തില്‍, കമ്മിറ്റിയിലെ റിപബ്ലിക്കന്‍ അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലാണ് ട്രംപിനെ ഒബാമയുടെ പിന്‍ഗാമിയാക്കിയതെന്നാണ് ഡെമോക്രാറ്റുകളും ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ വലിയ തോതില്‍ പ്രക്ഷോഭങ്ങളും ട്രംപിന് നേരിടേണ്ടി വന്നിരുന്നു. അന്വേഷണങ്ങളിലും റഷ്യ, ട്രംപിനെ പിന്തുണച്ചതിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.

Russia-PUTIN

റഷ്യയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള നാച്വറല്‍ ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയെ, അമേരിക്ക എതിര്‍ക്കുന്ന വേളയിലാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉപരോധം ഉപയോഗിച്ച് ഈ പദ്ധതി അട്ടിമറിക്കണമെന്ന നിലപാടാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. ട്രംപ് വീണ്ടും വരണമെന്ന് റഷ്യയെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണം ഇതാണ്.

ഇന്ത്യയിലെ സന്ദര്‍ശനം പോലും തന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവില്‍ ശ്രമിച്ചിരിക്കുന്നത്.

അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര സ്റ്റേഡിയം വരെ 22 കിലോമീറ്റര്‍ റോഡ് ഷോയാണ് പ്രധാന ആകര്‍ഷണം. ഇന്ത്യ റോഡ് ഷോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നമസ്‌തെ ട്രംപ് എന്ന പേരിലുള്ള സ്വീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷത്തി അയ്യായിരം പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ഈ സ്വീകരണം സ്വാധീനിക്കുമെന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.

Staff Reporter

Top