യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ, 1.60 ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈനിലെത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: യുക്രൈനില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കാര്‍കീവില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം നടന്നു. ബാരക്കുകളില്‍ തീപിടിത്തം ഉണ്ടായി. സൈതോമിറില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ബോംബാക്രമണം നടന്നു. ബില സെര്‍ക്‌വയില്‍ ഷെല്ലാക്രമണം ഉണ്ടായി. അഞ്ചിടത്ത് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ചുഹുഏവില്‍ വ്യോമത്താവളത്തിന് നേരെ ആക്രമണം നടന്നു. ടിവി ടവര്‍ ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. അതിനിടെ യുദ്ധവാര്‍ത്തകള്‍ക്ക് റഷ്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ നയതന്ത്ര നീക്കം തള്ളിയെന്ന് ബൈഡന്‍ ആരോപിച്ചു. യുക്രൈനെ ആക്രമിച്ചാല്‍ നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിക്കില്ലെന്ന് റഷ്യ കരുതി. പ്രതികരണത്തിന് ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സൈനിക സഹായവും ദുരിതാശ്വാസ സഹായവും തുടരുമെന്ന് ഉറപ്പ് നല്‍കി. റഷ്യ മറുപടി പറയേണ്ടി വരുമെന്നും ഉപരോധങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യക്കെതിരായ യുക്രൈന്റെ പരാതിയില്‍ അന്താരാഷ്ട്ര കോടതി വാദം കേള്‍ക്കുമെന്ന് അറിയിച്ചു. മാര്‍ച്ച് ഏഴിനും എട്ടിനുമാണ് വാദം കേള്‍ക്കുക. യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനിടെ ആപ്പിള്‍ കമ്പനി റഷ്യയിലെ വില്‍പ്പന നിര്‍ത്തിവെച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കീവില്‍ നിന്ന് മാറി. കീവും കാര്‍ഖീവും പിടിക്കാന്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. പ്രധാന നഗരങ്ങളില്‍ നിന്ന് ജനം മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയുടെ രണ്ട് ലക്ഷം റഷ്യന്‍ സൈനികരില്‍ 1.60 ലക്ഷം പേര്‍ യുക്രൈനിലെത്തിയെന്നാണ് ഒടുവിലത്തെ വിവരം.

Top