റഷ്യ – ഇന്ത്യ – ഇറാൻ – ചൈന ‘സഖ്യം” രൂപപ്പെടുമെന്ന് അമേരിക്കയ്ക്ക് ആശങ്ക !

ന്ത്യയെ സംബന്ധിച്ച് ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത പങ്കാളിയാണ് അമേരിക്ക. അത് വീണ്ടും ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. പാകിസ്താന് എഫ്-16 വിമാനം നല്‍കാനാണ് അമേരിക്കയുടെ തീരുമാനം ഇതിനെതിരെ രൂക്ഷമായാണ് ഇന്ത്യയും പ്രതികരിച്ചിരിക്കുന്നത്. അനവസരത്തിലെ അനുചിതമായ തീരുമാനമെന്നാണ് ഇന്ത്യയുടെ പ്രതികരണം. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരര്‍ റാഞ്ചുമോ എന്ന ഭീതി നിലനില്‍ക്കെ തന്നെയാണ്.എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. പാക് സൈന്യവും ഭീകരരും തമ്മില്‍ ആഴത്തില്‍ ബന്ധമുള്ള സാഹചര്യത്തില്‍ ബൈഡന്‍ ഭരണകൂടം പാകിസ്താന് വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത് അമേരിക്കന്‍ സഖ്യകക്ഷികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 450 മില്യണ്‍ വിലവരുന്ന വിമാനങ്ങളാണ് അമേരിക്ക പാകിസ്താന് നല്‍കാന്‍ പോകുന്നത്. പുതിയ സാഹചര്യത്തെ ഗൗരവമായി കാണുന്ന ഇന്ത്യയും തന്ത്രങ്ങളില്‍ മാറ്റം വരുത്തുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. അമേരിക്കയോടുള്ള പാക്കിസ്ഥാന്‍ ഇടപാടുകളില്‍ ചൈനയും അസ്വസ്ഥരാണ്. പാക്കിസ്ഥാനെ വിശ്വസിക്കാന്‍ പറ്റില്ലന്ന ബോധം വൈകിയാണെങ്കിലും ചൈനയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.


ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ശത്രു പാക്കിസ്ഥാന്‍ തന്നെയാണ്. ഭീകരരും പാക്ക് സൈന്യവും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നതിനാല്‍ ആ രാജ്യത്തെ ഒരിക്കലും ഇന്ത്യ വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇന്ത്യയില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്ക് സൈന്യത്തിന്റെ കയ്യൊപ്പാണ് ഉള്ളത്. മറ്റൊരു അയല്‍ രാജ്യമായ ചൈനയും ശത്രു പട്ടികയില്‍ ആണെങ്കിലും പാക്കിസ്ഥാനോട് ഉള്ളതു പോലുള്ള ആശങ്ക ചൈനയുടെ കാര്യത്തില്‍ ഇന്ത്യയ്ക്കില്ല. അവിടുത്തെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഇന്ത്യയ്ക്ക് എതിരെ എന്ത് തീരുമാനം സ്വീകരിക്കുമ്പോഴും പലവട്ടം ചിന്തിക്കേണ്ടതുണ്ട്. ചൈനീസ് പ്രസിഡന്റിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുമതിയും ആവശ്യമാണ്. എടുത്ത് ചാടി ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലന്ന് വ്യക്തം. നീണ്ട കാലം ചൈന – ഇന്ത്യ അതിര്‍ത്തിയില്‍ ഒരു വെടിയുണ്ട പോലും ഉപയോഗിക്കാന്‍ കഴിയാതിരുന്നതും അതു കൊണ്ടു കൂടിയാണ്. അടുത്തയിടെ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും അതൊരു യുദ്ധത്തിലേക്ക് പോകാതെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധമാണ് സഹായകരമായിരുന്നത്. ഇക്കാര്യത്തില്‍ റഷ്യക്കും വലിയ പങ്കുണ്ട്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 2020 ജൂണില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയുമുണ്ടായ ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും 40 ചൈനീസ് സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായിരുന്നത്.ഈ സംഘര്‍ഷം പാക്കിസ്ഥാനുമായാണ് ഉണ്ടായിരുന്നത് എങ്കില്‍ അത് ഒരു വലിയ യുദ്ധത്തില്‍ തന്നെ കലാശിക്കുമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാനാണ് പ്രധാന ശത്രുവെങ്കില്‍ ചൈനയെ സംബന്ധിച്ച് പ്രധാന ശത്രു അമേരിക്കയാണ്. അതു കൊണ്ടു തന്നെ ഇന്ത്യ – ചൈന സൗഹൃദം എന്നത് ഒരു അടഞ്ഞ അദ്ധ്യായവുമല്ല. മാറുന്ന ലോക സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും നയതന്ത്ര വിദഗ്ദര്‍ മുന്നില്‍ കാണുന്നുണ്ട്.


ലഡാക്കിലെ ഗോഗ്ര ഹോട്ട്സ്പ്രിങ് മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പിന്‍മാറിയതിനെ പ്രതീക്ഷയോടെയാണ് അമേരിക്കന്‍ വിരുദ്ധ ചേരി നോക്കി കാണുന്നത്. സേനകള്‍ പിന്‍മാറിയ കാര്യം ചൈനയും ഇന്ത്യയും പ്രസ്താവനയിലൂടെയാണ് ലോകത്തെ അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ അതായത് എസ്.സി.ഒ ഉച്ചകോടിയില്‍ റഷ്യയുടെയും ചൈനയുടെയും ഇന്ത്യയുടെയും ഇറാന്റെയും ഭരണാധികാരികള്‍ നടത്തുന്ന കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്. ഇറാന്‍ പ്രസിഡന്റ് ഈ യോഗത്തില്‍ പങ്കെടുക്കുന്നത് തികച്ചും അപ്രതീക്ഷിതമാണ്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം, ഇറാന്‍ ഉപരോധം, അമേരിക്ക- പാക്കിസ്ഥാന്‍ ഇടപാടുകള്‍ എന്നീ വിഷയങ്ങള്‍ സജീവമായതിനാല്‍ ലോകം ഉറ്റു നോക്കുന്ന ഉച്ചകോടിയായി ഇത് മാറിയിട്ടുണ്ട്. യുക്രെയിന് ആധുനിക ആയുധങ്ങള്‍ വന്‍തോതില്‍ അമേരിക്ക നല്‍കിയിട്ടും ഇതുവരെ റഷ്യന്‍ ശേഖരത്തിലുള്ള വന്‍ നശീകരണ ശേഷിയുള്ള ബോംബുകളും മിസൈലുകളും റഷ്യ പ്രയോഗിച്ചിട്ടില്ല. അമേരിക്ക ആയിരുന്നെങ്കില്‍ എന്നേ ആണവ ബോംബിട്ട് തീര്‍ക്കുമായിരുന്ന യുദ്ധമാണ് പരമാവധി മരണങ്ങള്‍ ഒഴിവാക്കാന്‍ റഷ്യ നീട്ടി കൊണ്ടു പോകുന്നത്. ഇക്കാര്യത്തില്‍ എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അംഗരാജ്യങ്ങള്‍ക്കും റഷ്യയോട് വലിയ മതിപ്പാണ് ഉള്ളത്. 2019-ലെ ബ്രിക്സ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മുഖാമുഖം കാണുന്നത്.

റഷ്യ – ഇന്ത്യ – ചൈന -ഇറാന്‍ സഖ്യം വരണമെന്നതാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ – ചൈന തര്‍ക്കത്തിന് പരിഹാരം കണ്ടാല്‍ ഈ സഖ്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന് തന്നെയാണ് റഷ്യയുടെ വിലയിരുത്തല്‍. അത് സംഭവിച്ചാല്‍ ലോകത്തിന്റെ നിയന്ത്രണം തന്നെ ഈ ശക്തികളുടെ കയ്യിലാവും. അമേരിക്ക ഭയപ്പെടുന്നതും ഈ സഖ്യത്തെയാണ്. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍ ആ നിമിഷം പുതിയ സഖ്യം യാഥാര്‍ത്ഥ്യമാകും. എന്തൊക്കെ ക്ഷമിച്ചാലും പാക്കിസ്ഥാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നത് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെയും നിലപാട്. ഒപ്പം നിന്ന് ശത്രുവിനെ സഹായിക്കുന്ന നിലപാട് അമേരിക്ക സ്വീകരിച്ചത് ഇന്ത്യയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ്. ഇതിനുള്ള ഇന്ത്യന്‍ മറുപടിക്കായാണ് ലോകവും ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്.

 


EXPRESS KERALA VIEW

Top