യൂറോപ്പിലേക്കുള്ള ​ഗ്യാസ് വിതരണം നിർത്തിയതായി റഷ്യ

മോസ്കോ: ജർമനിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തി റഷ്യ. നോർഡ് സ്ട്രീം-1 പൈപ് ലൈൻ വഴിയുള്ള ഗ്യാസ് വിതരണമാണ് റഷ്യ നിർത്തിയത്. ആ​ഗസ്റ്റ് 31 മുതൽ സെപ്തംബർ മൂന്ന് വരെയാണ് ​ഗ്യാസ് വിതരണം നിർത്തിവച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച യൂറോപ്യൻ ​ഗ്യാസ് ഓപറേറ്റർ നെറ്റ്‌വര്‍ക്ക്, ബുധനാഴ്ച രാവിലെ മുതൽ ​ഗ്യാസ് എത്തുന്നില്ലെന്നും വ്യക്തമാക്കി.

അറ്റകുറ്റപ്പണികൾക്കായി മൂന്ന് ദിവസത്തേക്ക് ഡെലിവറി നിർത്തുമെന്ന് റഷ്യൻ ഊർജ ഭീമനായ ​ഗ്യാസ്പ്രോം പറഞ്ഞിരുന്നു. യുക്രെയ്ൻ ആക്രമിച്ചതിന് ശേഷം പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് പ്രതികാരമായി റഷ്യ നടപടി​ നീട്ടുമെന്ന് യൂറോപ്പ് ഭയപ്പെടുന്നു. റഷ്യ ഊർജ വിതരണത്തെ ഒരു യുദ്ധായുധം ആയി ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.

എന്നാൽ ആരോപണം നിഷേധിച്ച റഷ്യ, ​ഗ്യാസ് ‌വിതരണം നിർത്തിയതിനു പിന്നിൽ സാങ്കേതിക കാരണങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്തു. അതേസമയം, തങ്ങളുടെ ഗ്യാസ് സംഭരണം ഏകദേശം 85 ശതമാനം നിറഞ്ഞുവെന്നും മറ്റ് സ്രോതസുകളിൽ നിന്ന് വിതരണം ഉറപ്പാക്കുന്നുണ്ടെന്നും ജർമൻ നെറ്റ്‌വർക്ക് റെഗുലേറ്റർ പ്രസിഡന്റ് പറഞ്ഞു.നേരത്തെ, പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയിരുന്നു. ഏപ്രിൽ 27 രാവിലെ മുതലാണ് പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യന്‍ ഏജന്‍സിയായ ഗ്യാസ്പ്രോം നിര്‍ത്തിയത്.

 

Top