റഷ്യയ്ക്ക് ആവശ്യത്തിനുള്ള ക്ലസ്റ്റര്‍ ബോംബുകള്‍ കൈയിലുണ്ട്-പുടിന്‍

കിയവ്: റഷ്യയ്ക്ക് ആവശ്യത്തിനുള്ള ക്ലസ്റ്റര്‍ ബോംബുകള്‍ കൈയിലുണ്ടെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രെയ്ന്‍ ക്ലസ്റ്റര്‍ ബോംബ് പ്രയോഗിക്കുന്നപക്ഷം തിരിച്ചടിക്കാനുള്ള അവകാശം റഷ്യക്കുണ്ടെന്നും പുടിന്‍ പറഞ്ഞു. റഷ്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുടിന്റെ പരാമര്‍ശം. യുക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ കൈമാറിയതായി യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണ്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രതികരണം. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യ ഇതുവരെ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ഇതുവരെ ഞങ്ങളത് ചെയ്തിട്ടില്ല, ഞങ്ങളത് ഉപയോഗിച്ചിട്ടില്ല, അതിന്റെ ആവശ്യം ഉണ്ടായിട്ടുമില്ല’ എന്നാണ് പുടിന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ക്ലസ്റ്റര്‍ ബോംബ് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അവകാശപ്പെടുമ്പോഴും യുദ്ധത്തില്‍ റഷ്യയും യുക്രെയ്‌നും ഒരേപോലെ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചതായാണ് അസോസിയേറ്റഡ് പ്രസ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പറയുന്നത്.

റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ഒട്ടേറെ ക്ലസ്റ്റര്‍ വളയങ്ങള്‍ യുദ്ധ മേഖലകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുബോംബുകള്‍ ചേര്‍ത്തുവെച്ച ക്ലസ്റ്റര്‍ ബോബ്, ആകാശത്തുവെച്ച് തുറന്ന് പല ബോംബുകളായി വര്‍ഷിച്ച് കനത്ത നാശം വിതറുന്ന ആയുധമാണ്. പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ യുദ്ധം അവസാനിച്ച് കാലങ്ങള്‍ക്കുശേഷവും അപകടം വരുത്തിവെക്കാമെന്നതിനാല്‍ മനുഷ്യാവകാശ സംഘടനകളും അമേരിക്കയുടെ ചില സഖ്യകക്ഷികളുമടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.

യുക്രെയ്‌നിലെ ഖേഴ്‌സണില്‍ റഷ്യ വര്‍ഷിച്ച സ്‌ഫോടകവസ്തു തട്ടി എട്ടും പത്തും വയസ്സുള്ള ബാലന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെ 69 ഷെല്ലാക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് മേഖല ഗവര്‍ണര്‍ ഒലക്‌സണ്ടര്‍ പ്രൊകുഡിന്‍ പറഞ്ഞു. ഖേഴ്‌സണില്‍ ശനിയാഴ്ച സ്‌ഫോടകവസ്തു അടങ്ങിയ വളയം നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ 59കാരന്‍ കൊല്ലപ്പെട്ടിരുന്നു.

Top