ഗൂഗിള്‍ ന്യൂസിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ

ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള ‘തെറ്റായ’ വാര്‍ത്തകള്‍ ഉള്‍കൊള്ളിക്കുന്നു എന്ന് ആരോപിച്ചാണ് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സി ഗൂഗിള്‍ ന്യൂസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം എടുത്തതെന്ന് റഷ്യയിലെ മീഡിയ റെഗുലേറ്റര്‍ ഏജന്‍സി റോസ്‌കോംനാഡ്സോറിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഗൂഗിളിന്റെ ന്യൂസ് അഗ്രിഗേറ്ററായ ഗൂഗിള്‍ ന്യൂസില്‍, യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടി സംബന്ധിച്ച് തെറ്റായ വിവരങ്ങളും അസത്യങ്ങളും അടങ്ങിയ നിരവധി മാധ്യമ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നും, അതിനാലാണ് ഗൂഗിള്‍ ന്യൂസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

റഷ്യയിലെ ഗൂഗിള്‍ ന്യൂസ് ആപ്പും വെബ്സൈറ്റും ഉപയോഗിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. എന്നാല്‍ പൂര്‍ണ്ണമായ നിരോധനമല്ല ഗൂഗിള്‍ ന്യൂസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. റഷ്യയിലെ ആളുകള്‍ക്ക് വാര്‍ത്തകള്‍ ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഗൂഗിള്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ സീനിയര്‍ ലക്ചറര്‍ ബെലിന്‍ഡ ബാര്‍നെറ്റ് ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്, യുക്രൈന്‍ സൈനിക നടപടി സംബന്ധിച്ച് റഷ്യന്‍ പൗരന്മാരിലേക്ക് എത്തുന്ന വാര്‍ത്തകളില്‍ കര്‍ശനമായ നിയന്ത്രിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് പുതിയ തീരുമാനം.

Top