യുക്രെയിന്റെ കടന്നാക്രമണ ശ്രമം തകർത്ത് റഷ്യ; 250 സൈനികരെ വധിച്ചു

കീവ് : ഞായറാഴ്ച യുക്രെയ്ൻ നടത്തിയ കടന്നാക്രമണ നീക്കത്തിന്റെ മുനയൊടിച്ച് 250 സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. ഡോണെട്സ്ക് മേഖല കേന്ദ്രീകരിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണ ശ്രമം തകർത്തെന്നാണ് റഷ്യൻ അവകാശവാദം. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ യുക്രെയ്ൻ ഇതുവരെ തയാറായിട്ടില്ല.

ജൂൺ നാലിനു പുലർച്ചെ, ദക്ഷിണ ഡോണെട്സ്കിലെ യുദ്ധമുഖത്ത് അഞ്ച് സെക്ടറുകളിലായിട്ടാണ് യുക്രെയ്ൻ കടന്നാക്രമണത്തിനു ശ്രമിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലെ റഷ്യൻ പ്രതിരോധം ദുർബലമാണെന്ന വിലയിരുത്തലിലാണ് യുക്രെയ്ൻ ഇത്തരമൊരു നീക്കത്തിനു തുനിഞ്ഞതെന്നാണ് റഷ്യയുടെ വിലയിരുത്തൽ. എന്നാൽ, ശത്രുവിന് അവിടെ യാതൊരു നേട്ടവും കൈവരിക്കാനായിട്ടില്ലെന്ന് റഷ്യ അവകാശപ്പെട്ടു.

അതിനിടെ, യുക്രെയ്ൻ സൈന്യത്തിന്റെ വാഹനങ്ങൾക്കു നേരെ റഷ്യ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ യുക്രെയിന്റെ 16 ടാങ്കുകൾ തകർത്തതായും 250 സൈനികരെ വധിച്ചതായുമാണ് റഷ്യയുടെ അവകാശവാദം.

റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന സ്വന്തം ഭൂമി പിടിച്ചെടുക്കാൻ യുക്രെയ്ൻ ആരംഭിച്ച പുതിയ നീക്കത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്നു സംശയമുണ്ട്. റഷ്യയ്ക്ക് തിരിച്ചടി നൽകാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനായി സൈന്യത്തിന് പ്രത്യേക പരിശീലനം നൽകുന്നതായും പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ സംഭരിക്കുന്നതായും സൂചനകളും പുറത്തുവന്നിരുന്നു.

Top