യു എസ് അതിര്‍ത്തിയ്ക്ക് സമീപം ആണവശേഷിയുള്ള വിമാനങ്ങള്‍ പറത്തി റഷ്യ

മോസ്‌കോ:അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്തേയ്ക്ക് ആണവശേഷിയുള്ള വിമാനങ്ങള്‍ പറത്തി റഷ്യ. 12 ഹ്രസ്വദൂര ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള തുപൊലേവ് ടി.യു 16 ഗണത്തില്‍പ്പെട്ട രണ്ട് വിമാനങ്ങളാണ് കിഴക്കന്‍ നഗരമായ അനാദിറിലെ സൈനിക കേന്ദ്രത്തിലേക്ക് റഷ്യ ബുധനാഴ്ച പറത്തിയത്. അനാദിറില്‍നിന്ന് അലാസ്‌കയിലേക്ക് 600 കിലോമീറ്റര്‍ ദൂരമേയുള്ളൂ.

റഷ്യയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ സരത്തോവിലെ സൈനിക ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ എട്ട് മണിക്കൂര്‍ കൊണ്ട് 6,000 കിലോമീറ്റര്‍ പിന്നിട്ടാണ് അനാദിറില്‍ പറന്നിറങ്ങിയത്. എന്നാല്‍ ഇത് ഉപകരണങ്ങളും മറ്റും സ്ഥലംമാറ്റുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.

ടി.യു 16 വിമാനങ്ങള്‍ ലാന്റ് ചെയ്ത അനാദിര്‍ നഗരത്തില്‍ നിന്ന് അലാസ്‌കയിലേക്കുള്ള വിമാന യാത്രാദൂരം വെറും 20 മിനുട്ടാണെന്നും റഷ്യന്‍ വ്യോമമേഖലയില്‍ നിന്നുതന്നെ മിസൈല്‍ തൊടുക്കാനുള്ള സംവിധാനമുണ്ടെന്നും റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ റോസിസ്‌കായ ഗസെറ്റ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകുന്നതിനിടെയാണ് യുദ്ധവിമാനങ്ങളുടെ സഞ്ചാരവിവരം റഷ്യ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയുമായുള്ള ആണവമിസൈല്‍ കരാറില്‍ നിന്ന് ഈയിടെ അമേരിക്ക പിന്മാറിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.

Top