റഷ്യ ഡേവിസ് കപ്പ് ടെന്നീസിന്റെ സെമി ഫൈനലില്‍

മഡ്രിഡ്: സ്വീഡനെ കീഴടക്കി റഷ്യ ഡേവിസ് കപ്പ് ടെന്നീസിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവ് നയിക്കുന്ന റഷ്യ മികച്ച പ്രകടനമാണ് സ്വീഡനെതിരേ പുറത്തെടുത്തത്. റഷ്യയുടെ രണ്ടാം ഡേവിസ് കപ്പ് സെമി ഫൈനല്‍ പ്രവേശനമാണിത്.

നിര്‍ണായക മത്സരത്തില്‍ മെദ്വെദേവ് വിജയം നേടിയതോടെ റഷ്യ അവസാന നാലിലെത്തി. സിംഗിള്‍സ് മത്സരത്തില്‍ മെദ്വെദേവ് സ്വീഡന്റെ മിക്കെല്‍ വൈമറിനെ കീഴടക്കി. സ്‌കോര്‍: 6-4, 6-4. സെമിയില്‍ ജര്‍മനിയാണ് റഷ്യയുടെ എതിരാളി.

മറ്റൊരു സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് നയിക്കുന്ന സെര്‍ബിയ ക്രൊയേഷ്യയെ നേരിടും.

2019-ല്‍ റഷ്യ ഡേവിസ് കപ്പ് സെമിയില്‍ പ്രവേശിച്ചെങ്കിലും കാനഡയോട് തോറ്റ് പുറത്തായി. ഇത്തവണ കിരീടം നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മെദ്വെദേവും സംഘവും കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ കളിക്കുന്ന മെദ്വെദേവ് തകര്‍പ്പന്‍ ഫോമിലാണ്.

Top