യുദ്ധത്തിന് തയ്യാറാകാത്ത യുവാവിനെ നാടുകടത്തി റഷ്യ

യുക്രൈനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാവാത്ത യുവാവിനെ നാട് കടത്തി റഷ്യ. നിർബന്ധിത സൈനികസേവനത്തിന് ഉത്തരവിറക്കിയതിന് പിന്നാലെ യുവാവ് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ യുവാവിന് റഷ്യ വിട്ട് പോരേണ്ടി വന്നു. കഴിഞ്ഞയാഴ്ചയാണ് 21 -കാരനായ എബോഷി എന്ന യുവാവിന് നാട് കടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗികമായ അറിയിപ്പ് കിട്ടിയത്.

സെപ്തംബർ 21 -ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡ്‍മിർ പുടിൻ യുക്രൈനെതിരെ യുദ്ധം ചെയ്യാൻ 300,000 ആളുകളെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എബോഷിയുടെ മാതാപിതാക്കൾ യുക്രൈൻകാരായിരുന്നു. അതുകൊണ്ട് തന്നെ യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന് അവൻ തീരുമാനിച്ചിരുന്നു.

‘അങ്ങനെ നോക്കുമ്പോൾ ഞാനൊരു യുക്രൈൻകാരനാണ്. എന്റെ മാതാപിതാക്കൾ കഴിയുന്ന ഒരു രാജ്യത്തിനെതിരെ യുദ്ധത്തിന് പോവാൻ എനിക്ക് സാധിക്കില്ലായിരുന്നു’ എന്ന് എബോഷി പറയുന്നു. അങ്ങനെ എബോഷി സൈബീരിയയിൽ നിന്ന് മോസ്‌കോയിലേക്ക് യാത്ര തുടങ്ങി. 1,800 മൈൽ ട്രെയിൻ യാത്രയായിരുന്നു അത്. അതിൽ അവിടെ നിന്നും നാട് വിട്ട് പോകുന്ന മറ്റ് യുവാക്കളും ഉണ്ടായിരുന്നു എന്ന് എബോഷി പറയുന്നു.

‘റഷ്യ എന്റെ മാതൃരാജ്യമാണ്. അവിടെ നിന്നും വീടും നാടും പ്രിയപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ച് അറിയാത്ത ഒരിടത്തേക്ക് പോവുക എന്നത് അത്രമേൽ വേദന നിറഞ്ഞതായിരുന്നു’ എന്ന് എബോഷി പറഞ്ഞു. എബോഷി മോസ്കോയിൽ നിന്ന് പിന്നീട് അതിർത്തിയിലേക്ക് പോയി. സൈന്യത്തെ വെല്ലുവിളിച്ച് രക്ഷപ്പെട്ടതിന് 10 വർഷത്തെ തടവ് വരെ കിട്ടാമെന്ന അവസ്ഥയിൽ ഭയത്തോടെയായിരുന്നു ആ യാത്ര. അതേസമയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെല്ലാം റഷ്യയിലേക്കുള്ള അതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, വിസയില്ലാതെ തന്നെ റഷ്യയിൽ നിന്നുള്ള സന്ദർശകരെ കസാക്കിസ്ഥാനും ജോർജ്ജിയയും സ്വാ​ഗതം ചെയ്തു. വിയറ്റ്നാമിലേക്കോ തായ്ലാൻഡിലേക്കോ പോകാൻ എബോഷിക്ക് നേരത്തെ പദ്ധതികളുണ്ടായിരുന്നു.

Top