ഭാവി യുദ്ധങ്ങള്‍ക്ക് ഒരുങ്ങി റഷ്യ; അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ തയ്യാര്‍

Russia-PUTIN

മേരിക്കയുമായുള്ള ആയുധ ശേഖരണത്തില്‍ മുന്‍തൂക്കം നേടി റഷ്യയുടെ പുതിയ ഭൂഖണ്ഡാനന്തര മിസൈല്‍ സംവിധാനം തയ്യാര്‍. റഷ്യയുടെ ആദ്യത്തെ അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈല്‍ സംവിധാനം പ്രവര്‍ത്തനസജ്ജമായെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എവിടെയാണ് കൃത്യമായി ഇത് സജ്ജമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും ഉറാല്‍സിന് സമീപമെന്നാണ് വിവരം. യൂറോപ്പിനും, ഏഷ്യക്കും ഇടയില്‍ അതിര്‍ത്തി തീര്‍ക്കുന്ന മലനിരയാണ് ഉറാല്‍സ്.

ശബ്ദത്തേക്കാള്‍ 20 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന ആണവശേഷിയുള്ള മിസൈലുകള്‍ റഷ്യയെ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലെത്തിക്കുന്നതായി പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ വ്യക്തമാക്കി. സഞ്ചാരപഥം സുഗമമാക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ക്കെതിരെ പ്രതിരോധം അസാധ്യവുമാണ്. അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈലുകളുടെ വരവ് നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു പ്രതികരിച്ചു.

നിലവിലെയും, ഭാവിയിലെയും മിസൈല്‍ പ്രതിരോധ സിസ്റ്റങ്ങളെ കടന്നുകയറാന്‍ ശേഷിയുള്ളതാണ് അവാന്‍ഗാര്‍ഡ് മിസൈലുകളെന്ന് പുടിന്‍ വ്യക്തമാക്കി. ‘ഒരു രാജ്യത്തിന് പോലും ഹൈപ്പര്‍സോണിക് ആയുധങ്ങളില്ല, ഇത് മാത്രമാണ് കോണ്ടിനെന്റല്‍ റേഞ്ച് ഹൈപ്പര്‍കോണിക് ആയുധങ്ങള്‍’, പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഉല്‍ക്ക പോലെയാണ് തങ്ങളുടെ പുതിയ മിസൈലാണെന്നാണ് നേരത്തെ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ റഷ്യ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് അമേരിക്കയുടെ പെന്റഗണ്‍ വാദിക്കുന്നത്. യുഎസിന് സ്വന്തമായി ഹൈപ്പര്‍സോണിക് മിസൈല്‍ പദ്ധതിയുണ്ട്, ചൈനയും ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. റഷ്യയും, യുഎസും തമ്മിലുള്ള ആണവ മിസൈല്‍ ലോഞ്ചറുകള്‍ കുറയ്ക്കാനുള്ള കരാറുകള്‍ 2021 ഫെബ്രുവരിയില്‍ അവസാനിക്കും. ഇതോടെ ഇരുരാജ്യങ്ങളും കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന ആശങ്ക ബാക്കിയാണ്.

Top