ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം

മോസ്‌കോ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം അറിയിച്ചു. റഷ്യന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്.

റാഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് റഷ്യന്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഐഎസ് നേതാക്കളുടെ യോഗം ചേരുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റഷ്യ ആക്രമണം നടത്തിയത്. ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഥലവും സമയവും മനസ്സിലാക്കി അര്‍ധരാത്രി 12.35നും 12.45നും ഇടയ്ക്കാണ് ആക്രമണം നടത്തിയത്.

ഐഎസിലെ മുതിര്‍ന്ന നേതാക്കളും 30 ഫീല്‍ഡ് കമാന്‍ഡര്‍മാരും 300 സുരക്ഷാഭടന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായി പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ബാഗ്ദാദിയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കാനാവില്ല എന്ന് അമേരിക്ക അറിയിച്ചു.

Top