അമേരിക്കയുടെ ‘അജണ്ട’ പാളുന്നു, സാമ്പത്തികമായും കരുത്താർജിച്ച് റഷ്യ !

നാറ്റോ’ എന്നു പറയുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒരു സൈനിക രൂപമാണ്. മറ്റു രാജ്യങ്ങളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കുക എന്നതാണ് ഈ സൈനിക ശക്തി കൊണ്ട് അമേരിക്ക ലക്ഷ്യമിടുന്നത്. സോവിയറ്റ് യൂണിയനെതിരായി രൂപം കൊണ്ട ‘നാറ്റോ’ ആ വിശാലരാജ്യം തകർന്ന് റഷ്യയായി മാത്രം മാറിയിട്ടും ഇതുവരെ പിരിച്ചുവിടപ്പെട്ടിട്ടില്ല. ഈ നടപടി തന്നെയാണ് ഇപ്പോൾ ലോകത്തിന്റെയും സമാധാനം കെടുത്തുന്നത്.

ഇന്നും ഒരു സൈനിക ഭീഷണിയായാണ് നാറ്റോയെ റഷ്യ നോക്കി കണക്കാക്കുന്നത്. അതു കൊണ്ടു തന്നെയാണ് ആ സൈനിക സഖ്യത്തില്‍ ചേരാന്‍ ഒരുങ്ങിയ യുക്രെയിനെയും അവര്‍ക്ക് ആക്രമിക്കേണ്ടി വന്നിരിക്കുന്നത്. യുക്രെയിന്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ വിനാശകരമായ ബോംബുകള്‍ വര്‍ഷിച്ച് ആ രാജ്യത്തെ ശവപ്പറമ്പാക്കുവാന്‍ റഷ്യക്ക് മിനുട്ടുകള്‍ക്കകം സാധിക്കുമായിരുന്നു. എന്നാല്‍, ആ മാര്‍ഗ്ഗം സ്വീകരിക്കാതെ തികച്ചും മാന്യമായ യുദ്ധം തന്നെയാണിപ്പോള്‍ റഷ്യ നടത്തി കൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിക്കുന്നവര്‍ റഷ്യയുടെ ആയുധ ശക്തി എന്താണെന്നതും തിരിച്ചറിയേണ്ടതുണ്ട്. യുക്രെയിനില്‍ റഷ്യ പ്രഖ്യാപിച്ചത് ഒരു സൈനിക നടപടിയാണ്. അതല്ലാതെ യുദ്ധമല്ല. നാറ്റോ ഇടപെട്ടാല്‍ മാത്രം മൂന്നാം ലോക മഹായുദ്ധം… എന്ന നിലപാടിലാണ് റഷ്യ. അതിനു അനുസരിച്ചുള്ള ക്രമീകരണമാണ്, റഷ്യന്‍ സൈന്യവും നടത്തിയിരിക്കുന്നത്. ഒരു ജനതയെ കൊന്നൊടുക്കി ആണെങ്കിലും വിജയിക്കുക എന്നതാണ്, അമേരിക്കന്‍ ശൈലി. അവര്‍ അധിനിവേശേം നടത്തിയ രാജ്യങ്ങളില്‍ അതു ലോകം കണ്ടതുമാണ്. എന്നാല്‍, റഷ്യ അങ്ങനെയല്ല നാറ്റോയില്‍ ചേരില്ലന്ന് യുക്രെയിന്‍ രേഖാമൂലം ഉറപ്പു നല്‍കിയാല്‍ അവര്‍ ആ നിമിഷം സൈനിക നടപടി അവസാനിപ്പിക്കും. അതിനു യുക്രെയിന്‍ ഇപ്പോള്‍ തയ്യാറാകാത്തതിനു പിന്നിലും നാറ്റോ സഖ്യമാണുള്ളത്. അമേരിക്കയ്ക്കും ബ്രിട്ടണും എല്ലാം വ്യക്തമായ അജണ്ട തന്നെയുണ്ട്. യുക്രെയിന് ആയുധങ്ങളും പണവും നല്‍കി, റഷ്യക്കെതിരെ യുദ്ധം നടത്തുന്നതും, യഥാര്‍ത്ഥത്തില്‍ നാറ്റോ സഖ്യമാണ്.

ഇപ്പോൾ വീണ്ടും… റഷ്യയെ പ്രകോപിപ്പിക്കുന്ന നീക്കമാണ് ഈ പാശ്ചാത്യ ശക്തികൾ നടത്തി വരുന്നത്. അതി ന്റെ ഭാഗമാണ് റഷ്യയുടെ അയൽ രാജ്യങ്ങളെ ലക്ഷ്യമിട്ട ഇപ്പോഴത്തെ നീക്കങ്ങൾ. ഫിൻലാൻറും സ്വീഡനും നാറ്റോയിൽ അംഗമാകാൻ തീരുമാനിച്ചതു തന്നെ അമേരിക്കയുടെ സമ്മർദ്ദത്താലാണ്. യുക്രെയിനെ പോലെ റഷ്യയുമായി ആയിരക്കണക്കിന് കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലാൻറ്. ഇവർ നാറ്റോ യിൽ ചേർന്നാൽ അത് റഷ്യക്ക് ഉണ്ടാക്കുന്ന ഭീഷണിയും വലുതായിരിക്കും.

റഷ്യയുടെ യുക്രൈൻ അധിനിവേശമാണ് ഇപ്പോൾ, ഫിൻലാൻറിന്റെയും സ്വീഡന്റെയും ഉറക്കം കെടുത്തിയിരിക്കുന്നത് എന്ന പ്രചരണവും, വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഈ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയതു തന്നെ അമേരിക്കയാണ്.റഷ്യയെ പ്രകോപിപ്പിച്ച്, മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് അമേരിക്ക ലോകത്തെ തള്ളിവിടുന്നത്. ഈ നീക്കം ആത്യന്തികമായി തിരിച്ചടിയാകാൻ പോകുന്നതും അമേരിക്കയ്ക്കു തന്നെ ആയിരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധം ഉള്ള രാജ്യമാണ് ഇന്നും… റഷ്യ.യു.എസ്.എസ്.ആർ തകരുകയും പല രാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തതോടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും ഇല്ലാതായെങ്കിലും റഷ്യയുടെ സൈനിക ശക്തിക്ക് ഇതുവരെ ഒരു കോട്ടവും തട്ടിയിട്ടില്ല. റഷ്യ വിചാരിച്ചാൽ നാറ്റോക്ക് ബദലായി ഒരു സൈനിക സഖ്യത്തിനും സാധ്യത ഏറെയാണ്.
ആ ഘട്ടത്തിൽ പഴയ ചേരി ചേരാ നയം പിൻതുടരാൻ ഇന്ത്യയ്ക്കും കഴിഞ്ഞെന്നു വരില്ല. ഇപ്പോൾ തന്നെ യുക്രെയിൻ വിഷയത്തിൽ, റഷ്യക്ക് അനുകൂലമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. റഷ്യയുമായുള്ള വ്യാപാര ഇടപാടും, ഇന്ത്യ വലിയ തോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. സമാന നിലപാട് മറ്റു ചില രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇതോടെ, ഡോളറിനെ വെല്ലുന്ന രൂപത്തിലേക്കാണ്, റഷ്യൻ റൂബിളി ന്റെ മൂല്യവും കുതിച്ചുയർന്നിരിക്കുന്നത്. അതായത്, ഉപരോധം… നഷ്ടത്തേക്കാൾ ഏറെ നേട്ടമാണ് റഷ്യക്ക് ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ മറ്റു രാജ്യങ്ങൾ കൂടി ചിന്തിച്ചു തുടങ്ങിയതും ഡോളറിനെ സംബന്ധിച്ച്‌ വലിയ വെല്ലുവിളിയാണ്. അമേരിക്കൻ അഹങ്കാരത്തിന്റെ മുനയാണ് റഷ്യൻ റൂബിൾ ഒടിച്ചു കളഞ്ഞിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും യൂറോയ്ക്കെതിരെ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലുമാണ് റൂബിൾ ഇപ്പോൾ എത്തി നിൽക്കുന്നത്. ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയ മുന്നേറ്റമാണിത്. ഭാവിയിൽ ഡോളർ ആധിപത്യം തകർന്നാൽ അമേരിക്കയ്ക്ക് അതുണ്ടാക്കുന്ന പ്രത്യാഘാതവും ഗുരുതരമായിരിക്കും.

അതുപോലെ തന്നെ, ഇന്ത്യ – റഷ്യ – ചൈന സഖ്യമെന്നതും, അമേരിക്കയെ സംബന്ധിച്ച് സ്വപ്നത്തിൽ പോലും ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയ്ക്ക് ചൈനയുമായുള്ള അതിർത്തി പ്രശ്നം പരിഹരിക്കപ്പെടാത്തതു മാത്രമാണ്, അവരുടെ ഏക ആശ്വാസം. ഈ സഖ്യം യാഥാർത്ഥ്യമായാൽ, ലോകത്തിലെ ഏറ്റവും വലിയ സഖ്യവും അതു തന്നെയായിരിക്കും. പരസ്പരം ഭിന്നത തുടരുമ്പോഴും റഷ്യയുമായുള്ള സഹകരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും ചൈനയും ഇന്ത്യയും ശക്തമായാണ് മുന്നോട്ട് പോകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് നിലവിലിരുന്നത് പോലുള്ള സൈനിക ശക്തി കേന്ദ്രങ്ങളിലേക്ക് ലോകം വീണ്ടും പോയാൽ അവിടെ ഇന്ത്യയുടെ നിലപാടുകൾക്കും ഇനി ഏറെ പ്രസക്തിയുണ്ടാകു.

യുക്രെയിനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേര്‍ക്കുവാനുള്ള നീക്കത്തെ, ഇന്ത്യയ്ക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നമ്മുടെ ശത്രു രാജ്യങ്ങള്‍ നേപ്പാളിലും ശ്രീലങ്കയിലും ബൂട്ടാനിലും താവളമുറപ്പിച്ചാല്‍ എന്താണോ ഭീഷണി അതു തന്നെയാണ് റഷ്യയും നേരിടുന്നത്. അതു തടയാനാണ് യുക്രെയിനെ അവര്‍ ആക്രമിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് നാറ്റോ അംഗത്വം നല്‍കി, റഷ്യയെ വീണ്ടും പ്രകോപിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇത് അപകടകരമായ നീക്കമാണ്. ഫിന്‍ലാന്റിനും സ്വീഡനും അംഗത്വം നല്‍കുന്നതിനെ നാറ്റോ അംഗമായ തുര്‍ക്കി എതിര്‍ക്കുന്നതിനാല്‍ അമേരിക്കന്‍ അജണ്ട പെട്ടന്ന് നടക്കുകയില്ലങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. തുര്‍ക്കിയെ അനുനയിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റു തന്നെ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലാന്റ് പോലുള്ള രാജ്യങ്ങള്‍, നാറ്റോയുമായി സഖ്യത്തിലായാല്‍ റഷ്യന്‍ ആക്രമണവും ഉറപ്പാണ്. അക്കാര്യത്തിലും സംശയം ഉണ്ടാവേണ്ടതില്ല. അതാകട്ടെ, ഒരിക്കലും … യുക്രെയിനിലെ സൈനിക നടപടി പോലെ ആയിരിക്കുകയുമില്ല. അക്കാര്യവും… വ്യക്തമാണ്.

 

EXPRESS KERALA VIEW

 

Top