‘ആര്‍ട്ടിക്കിള്‍ 370’ റദ്ദാക്കിയ നടപടി : ഇന്ത്യയെ പിന്തുണച്ച് റഷ്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച് റഷ്യ. കശ്മീര്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ നീക്കം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ടുള്ളതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.സിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി രൂപപ്പെടുത്താനുമുള്ള ഇന്ത്യയുടെ തീരുമാനം മൂലം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി രൂപപ്പെടുത്താനുമുള്ള മോദി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് അഞ്ചിനാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.

അതേസമയം, നടപടിയെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നീക്കം നിയമ വിരുദ്ധമാണെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. ആണവശേഷി കൈവരിച്ച അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകാന്‍ ഇത് ഇടയാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Top